പരവൂരിൽ കണ്ടെത്തിയ അസ്ഥികൂടം ചാത്തന്നൂർ പൊലീസ് രജിസ്റ്റർചെയ്ത കേസിലെ പ്രതിയുടേത്

ചാത്തന്നൂർ : നെടുങ്ങോലം ഒഴുകുപാറ പോളച്ചിറതൂമ്പ് പമ്പ് ഹൗസിനു സമീപം മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം നെടുങ്ങോലം മുതലക്കുളം സന്തോഷ് ഭവനിൽ വിഘ്നേഷിന്റേ (21)തെന്ന് തിരിച്ചറിഞ്ഞു. മൃതദേഹത്തിലെ വസ്ത്രങ്ങൾ കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞു. മൂന്നുമാസം പഴക്കമുള്ള മൃതദേഹം പൂർണമായും ദ്രവിച്ച നിലയിലായിരുന്നു. അസ്ഥികൂട ഭാഗങ്ങളാണ് കണ്ടെത്തിയത്. ട്രാക്ക് സ്യൂട്ടിൽ മരക്കൊമ്പിൽ തൂങ്ങിയ നിലയിലായിരുന്നു.
മൂന്നുമാസം മുമ്പ് ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിൽ പ്രതിയായ വിഘ്നേഷിനായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. മൂന്നുമാസം മുമ്പ് പോളച്ചിറ ബണ്ട് റോഡിൽ ആൾപ്പാർപ്പില്ലാത്ത ഭാഗത്തുനിന്ന് വിഘ്നേഷിന്റെ ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും വിഘ്നേഷിനെ കണ്ടെത്താനായില്ല. കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുകയായിരിക്കാമെന്നാണ് പൊലീസ് ഉൾപ്പെടെ കരുതിയിരുന്നത്. കുടുംബവും ഇത്തരമൊരു നിഗമനത്തിലായിരുന്നു. ബൈക്ക് കണ്ടെത്തിയതിന് സമീപത്തുള്ള പമ്പ് ഹൗസിനു പിന്നിലെ മരത്തിലാണ് വ്യാഴാഴ്ച രാത്രിയോടെ മൃതദേഹം കണ്ടെത്തിയത്. സമീപവാസി വിവരം പരവൂർ പൊലീസിൽ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പരവൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെ പൊലീസ്, ഫോറൻസിക് വിഭാഗം, സയന്റിഫിക് അസിസ്റ്റന്റ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിശദമായ പരിശോധനയും തെളിവെടുപ്പും നടത്തി. തുടർന്ന് ശരീരാവശിഷ്ടങ്ങൾ പരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പോസ്റ്റ്മോർട്ടത്തിനും ഡിഎൻഎ പരിശോധനയ്ക്കും ശേഷമേ വ്യക്തമാകൂ. ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പരവൂർ പൊലീസ് അന്വേഷണം തുടരുകയാണ്.










0 comments