മുഖ്യമന്ത്രിയുടെ സ്വന്തം ലഹരിമാഫിയ: ഫോണുകൾ കോടതിയിലെത്തിയത് 20–ാം ദിവസം; തെളിവുകൾ മുക്കി


റഷീദ് ആനപ്പുറം
Published on Sep 05, 2026, 08:18 AM | 2 min read
തിരുവനന്തപുരം : എംഡിഎംഎയുമായി അറസ്‌റ്റിലായ രാജ്യാന്തര മയക്കുമരുന്ന് റാക്കറ്റിലെ പ്രധാനിയും മുഖ്യമന്ത്രിയുടെ സ്വന്തക്കാരനുമായ മുഹമ്മദ് ഹുസൈനിൽനിന്ന് പിടികൂടിയ ഐ ഫോണിലെ നിർണായക വിവരങ്ങൾ പൊലീസ് നശിപ്പിച്ചതായി സൂചന. ആഗസ്‌ത് ഒന്പതിന് പിടികൂടിയ ഫോണുകൾ 29നാണ് കോടതിക്ക് മുദ്രവച്ച കവറിൽ കൈമാറിയത്. ഇതിനിടെ, മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നതരുമായി ഹുസൈന്റെ ബന്ധം തെളിയിക്കുന്ന ചാറ്റുകൾ, വാട്‌സാപ്പ്, ഇൻസ്‌റ്റ, ടെലഗ്രാം കാൾ, സാധാരണ കാൾ എന്നിവയുടെ വിവരം നശിപ്പിച്ചെന്നാണ് സൂചന. ഇവ തിരികെ ലഭിക്കുമെന്ന ഭയത്താലാണ് ഫോണുകൾ ഫോറൻസിക് പരിശോധനക്കയക്കാത്തത്. രാജ്യാന്തര ബന്ധമുള്ള മയക്കുമരുന്നു റാക്കറ്റിലെ ഉന്നതബന്ധം പുറത്തുവരാതിരിക്കാനാണ് പൊലീസ് നീക്കം.
കഴിഞ്ഞ ഒമ്പതിനാണ് കാസർകോട് കാലിക്കടവിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യൽമീഡിയ കോ ഓർഡിനേറ്റർ മുഹമ്മദ് ഹുസൈൻ ഉൾപ്പെടെ മൂന്നുപേരെ എംഡിഎംഎയുമായി അറസ്‌റ്റ് ചെയ്‌തത്. അന്നുതന്നെ പ്രതികളിൽനിന്ന് അഞ്ച് സ്‌മാർട്‌ഫോൺ ഉൾപ്പെടെ ഏഴ് ഫോൺ പിടികൂടി. ഐ ഫോൺ 15 പ്രോമാക്‌സാണ് ഹുസൈനിൽനിന്ന് കണ്ടെടുത്തത്. റെഡ്‌മിയുടെ രണ്ടുഫോൺ, വിവോ ഫോൺ, രണ്ട് കീപാഡ് ഫോൺ എന്നിവ മുഹമ്മദ് സലാം, അബ്ബാസ് എന്നിവരിൽനിന്നും പിടികൂടി. 12 പേജുള്ള കണ്ടുകെട്ടൽ രേഖ പ്രകാരം ബന്തവസ്സിലെടുത്ത വസ്‌തുക്കളിൽ ഏഴെണ്ണവും ഫോണാണ്. ഒരു കാറും ബാക്കി എംഡിഎംഎയും. ഫോണിൽ നീല നിറത്തിലുള്ള റെഡ്‌മിയിൽ മാത്രം സിം ഇല്ല. ബാക്കി ഫോണുകൾ ആക്ടീവായിരുന്നു.
ഐ ഫോണിന്റെ ഗാലറിയിൽ മുഖ്യമന്ത്രിയുമൊത്ത് ഹുസൈന്റെ ഫോട്ടോകളും വീഡിയോകളും പൊലീസ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. തനിക്ക് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ളതായി പൊലീസിനെ ബോധ്യപ്പെടുത്താൻ ഹുസൈൻ ഇവ കാണിച്ചിട്ടുമുണ്ട്. അതോടെ ഫോണുകൾ പൊലീസ് ഉന്നതർ ഇടപെട്ട് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. എഫ്‌ഐആറിലും റിമാൻഡ് റിപ്പോർട്ടിലും ഫോണിനെക്കുറിച്ച് പരാമർശമുണ്ടെങ്കിലും ഐഎംഇഎ നന്പർ രേഖപ്പെടുത്തിയില്ല. ഇക്കാര്യം ‘ദേശാഭിമാനി’ ചൂണ്ടിക്കാട്ടിയപ്പോൾ നീലേശ്വരം സിഐ കെ പ്രശാന്ത് ആഗസ്‌ത് 20ന് കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ കസ്‌റ്റഡി അപേക്ഷയിൽ ഐഎംഇഐ നമ്പറും രേഖപ്പെടുത്തി.
ഹുസൈൻ പിടിക്കപ്പെടുന്നതിന് തലേദിവസം ഒരു പ്രമുഖനെ വാട്‌സാപ്പ് കാൾ ചെയ്‌തിട്ടുണ്ട്. പിടിയിലായ ദിവസവും എറണാകുളത്തും തിരുവനന്തപുരത്തുമുള്ള പ്രമുഖരെ വിളിച്ചിട്ടുണ്ട്. ഇതെല്ലാം തെളിയിക്കാൻ ഫോണുകൾ ഫോറൻസിക് പരിശോധനക്കയക്കണം. ഫോറൻസിക് പരിശോധനയിലാണ് എന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം കള്ളം പറഞ്ഞിരുന്നു.









0 comments