തിരിച്ചടവ് മുടങ്ങി; യുവതിയെ വസ്ത്രമുരിഞ്ഞ് മർദ്ദിച്ച് ദൃശ്യങ്ങൾ പകർത്തി, 4 പേർ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
ബംഗളൂരു: വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വസ്ത്രമുരിഞ്ഞ് മർദ്ദിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത സംഭവത്തിൽ 4 പേർ അറസ്റ്റിൽ. നസ്രത്ത്, രേഷ്മ, സുഹൈൽ, സെയ്ഫ് എന്നിവരാണ് അറസ്റ്റിലായത്. ഒരു വർഷം മുൻപാണ് യുവതി രേഷ്മയിൽ നിന്നും ഒരു ലക്ഷം രൂപ വായ്പയെടുത്തത്. കഴിഞ്ഞ ആറ് മാസമായി തിരിച്ചടവ് മുടങ്ങി. കൂടാതെ രേഷ്മ വഴി പരിചയപ്പെട്ട നസ്രത്തിൽ നിന്നും യുവതി 50,000 രൂപ കൂടി വായ്പയെടുത്തു.
ഇതും സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് യുവതിക്ക് തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. നാല് മാസമാണ് തിരിച്ചടവ് മുടങ്ങിയത്. തുടർന്ന് രേഷ്മയുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുകയും ഉപദ്രവം ഭയന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് യുവതി സ്ഥലംമാറുകയും ചെയ്തു. ഇതിനിടെ നസ്രത്ത് യുവതിയെ ഫോണിൽ വിളിക്കുകയും ജോലിയും പണവും വാഗ്ദാനവും ചെയ്തു. ഇതേതുടർന്ന് നസ്രത്തിന്റെ വീട്ടിലെത്തിയപ്പോൾ സുഹൈൽ തന്നെ അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തതായി യുവതി ആരോപിച്ചു.
ശേഷം ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടപോവുകയും രേഷ്മയും നസ്രത്തും ഇരുവശങ്ങളിലായി ഇരുന്നതായും യുവതി പറയുന്നു. സുഹൈലും മറ്റ് രണ്ടു പേരും കൂടി ഉണ്ടായിരുന്നതായും യുവതി വെളിപ്പെടുത്തി. ബംഗളൂരുവിന്റെ പ്രാന്തപ്രദേശമായ കുമ്പളഗോഡിന് സമീപമുള്ള വീട്ടിൽ എത്തിക്കുകയും അവിടെ വെച്ച് വസ്ത്രമുരിഞ്ഞ് ആക്രമിക്കുകയുമായിരുന്നുവെന്ന് യുവതി പറയുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.









0 comments