തൃശൂർ വാഹനാപകടം; ലോറി നിർത്തിയിട്ടത് അശ്രദ്ധമായി, സൈൻ ബോർഡുകളെ മറച്ച് അനധികൃത പാർക്കിങ്

കയ്പമംഗലം: തൃശൂർ കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിന് വഴിവെച്ചത് ലോറിയുടെ അശ്രദ്ധമായ പാർക്കിങ്ങെന്ന് പൊലീസ്. ദേശീയപാതയിൽ നിന്ന് ഇടറോഡിലേയ്ക്ക് കയറുന്നതിനായി സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡിനെ മറച്ചാണ് ലോറി പാർക്ക് ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇതാണ് വലിയ ദുരന്തത്തിന് കാരണമായതെന്ന് പ്രദേശവാസികളും പറഞ്ഞിരുന്നു. ഇടതുവശത്തേക്കുള്ള സിഗ്നല്‍ ബോർഡ് മറച്ചാണ് ലോറി നിര്‍ത്തിയിട്ടിരുന്നത്. മൂന്ന് ലോറികള്‍ സംഭവ സ്ഥലത്ത് അടുപ്പിച്ച് നിര്‍ത്തിയിട്ടിരുന്നതായും നാട്ടുകാർ പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കാറിന്റെ അമിതവേഗതയും അപകടത്തിന്റെ ആഴംകൂട്ടി. മഹാരാഷ്ട്ര ലോറിയാണ് അനധികൃതമായി പാർക്ക് ചെയ്തിരുന്നത്. അപകടത്തിൽ ഒരു ഡ്രൈവറും ഏഴ് വിദ്യാർഥികളും ഉൾപ്പടെ 8 പേരാണ് മരിച്ചത്. മരിച്ചവർ തമിഴ്നാട് സ്വദേശികളാണ്. അപകടം നടന്ന സ്ഥലത്ത് വെളിച്ചവും കുറവായിരുന്നതായി കൊടുങ്ങല്ലൂർ ഡിവൈഎസ്പി പറഞ്ഞു. ഒരു ദിവസത്തെ വിനോദയാത്രയ്ക്ക് എത്തിയിരുന്നതായി മരിച്ചവരിൽ ചിലരുടെ ബന്ധുക്കൾ പറയുന്നുണ്ടെങ്കിലും മാതാപിതാക്കൾക്ക് ഇക്കാര്യം അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മക്കൾ കോളേജിലാണെന്ന ധാരണയിലായിരുന്നു അവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപകടത്തിൽ മരിച്ചവരിൽ 5 പേരെയാണ് നിലവിൽ തിരിച്ചറിഞ്ഞത്. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരിച്ചവരെ ബന്ധുക്കളും കോളേജ് അധികൃതരും തിരിച്ചറിഞ്ഞതിന് ശേഷമേ മറ്റ് നടപടികളിലേയ്ക്ക് കടക്കുകയൊള്ളൂ. മധുര, സേലം, പളനി, ദിണ്ടിഗൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. പ്രദേശവാസികളും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. 8 പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. ഫയർ ഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്.










0 comments