ജില്ലാ സമ്മേളനം
ജനറൽ ആശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റിയിൽ തസ്‌തികകൾ സൃഷ്ടിക്കുക: കെജിഎൻഎ

കെജിഎൻഎ ജില്ലാ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി
എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ പുതിയ തസ്‌തികകൾ സൃഷ്ടിച്ച് രോഗികൾക്ക് സേവനം ഉറപ്പാക്കണമെന്ന് കേരള ഗവ. നഴ്‌സ് അസോസിയേഷൻ (കെജിഎൻഎ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഒഴിഞ്ഞുകിടക്കുന്ന എല്ലാ തസ്‌തികകളും പ്രൊവിഷണൽ പ്രമോഷനിലൂടെ നികത്തുക, എറണാകുളം ഇഎസ്‌ഐ ആശുപത്രിയിൽ നഴ്‌സുമാരുടെ തസ്‌തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളും ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ഉന്നയിച്ചു.
പെരുമ്പാവൂർ ഇ എം എസ് മുനിസിപ്പൽ ടൗൺ ഹാളിൽ ചേർന്ന സമ്മേളനം സിപിഐ എം ജില്ലാസെക്രട്ടറി എസ് സതീഷ് ഉദ്‌ഘാടനംചെയ്‌തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ സി ശ്രീനി അധ്യക്ഷനായി. പ്രതിനിധി സമ്മേളനം കെജിഎൻഎ സംസ്ഥാന സെക്രട്ടറി എൽ ദീപ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ വൈസ് പ്രസിഡന്റ് എം എ മുഹമ്മദലി അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി ഇ പി വിഷ്ണു, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി സി ജയശ്രീ, സംസ്ഥാന കമ്മിറ്റി അംഗം കെ എസ് ബിന്ദു എന്നിവർ സംസാരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പുഷ്‌പ ദാസ്, എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, കെജിഎൻഎ സംസ്ഥാന ഭാരവാഹികളായ ഉണ്ണി ജോസ്, എം അഭിലാഷ്, ബേസിൽ പി എൽദോസ് എന്നിവർ പങ്കെടുത്തു.
ജില്ലാ സെക്രട്ടറി ടി ആർ അജിത റിപ്പോർട്ടും ട്രഷറർ കെ വി മേരി കണക്കും അവതരിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ച് യാത്രയയപ്പ് അനുമോദന സമ്മേളനവും നടന്നു. ഭാരവാഹികൾ: ടി ആർ അജിത (പ്രസിഡന്റ്), ഇ പി വിഷ്‌ണു (സെക്രട്ടറി), കെ വി മേരി (ട്രഷറർ).









0 comments