ഹിന്ദുത്വ അജണ്ടകൾക്കെതിരെ ജാഗ്രത പാലിക്കണം: സച്ചിദാനന്ദൻ

കെ എൽ ഗോപി
Published on Nov 18, 2025, 03:03 PM | 1 min read
ഷാർജ: നാം ജീവിക്കുന്നത് ഓർമ്മകൾ മായ്ക്കാൻ ബോധപൂർവ്വം ശ്രമിക്കുന്ന ഒരു കാലത്താണ് എന്നും, ഓർമ്മകൾ ഇല്ലാതാവുക എന്നാൽ ചരിത്രം ഇല്ലാതാവുക എന്നതാണ് എന്നും, ചരിത്രത്തെ ഇല്ലാതാക്കുന്ന ഹിന്ദുത്വ അജണ്ടകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കവിയുമായ സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഷാർജ ബുക്ക് അതോറിറ്റിയുടെ അതിഥിയായി എത്തിയതായിരുന്നു സച്ചിദാനന്ദൻ.
ഈ അടുത്ത കാലത്ത് ഗാന്ധി, നെഹ്റു തുടങ്ങിയവരെ കുറിച്ചൊക്കെ സംസാരിക്കുന്നത് രക്ഷപ്പെടാൻ വേണ്ടി ഓർമ്മകളെ എത്തിപ്പിടിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ്. "ആപത്തിന്റെ നിമിഷത്തിൽ എത്തിപ്പിടിക്കുന്ന ഓർമ്മയാണ് ചരിത്രം" എന്ന വാട്ടർ ബെന്യാമിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് ചരിത്രത്തിന്റെ അപരവൽക്കരണത്തിനെതിരെ കരുതൽ ഉണ്ടാകാൻ സച്ചിദാനന്ദൻ ഓർമ്മപ്പെടുത്തിയത്. എഴുത്തുകാരൻ എന്ന നിലയിൽ തന്റെ അഭിപ്രായങ്ങൾ സമൂഹത്തിന്റെ സുരക്ഷിതത്വത്തിനും നന്മയ്ക്കും വേണ്ടിയായിരിക്കുമെന്നും, ഇടതുപക്ഷമാണ് കേരളത്തിൻറെ പ്രതീക്ഷ എന്നും, ബിജെപിയുടെ അജണ്ടകൾ കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരെ ജാഗ്രത പാലിക്കേണ്ടത് ഇടതുപക്ഷമാണ് എന്നും സച്ചിദാനന്ദൻ പറഞ്ഞു. വിദ്യാർത്ഥിയായ ശിവാനി സച്ചിദാനന്ദന്റെ കവിത ചൊല്ലി. കാണികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും പുസ്തകങ്ങളിൽ ഒപ്പുവയ്ക്കുകയും ചെയ്തു. അനൂപ് ചന്ദ്രൻ മോഡറേറ്റർ ആയിരുന്നു.









0 comments