ഇക്കുറി താരപ്രചാരകൻ; മത്സരത്തിനില്ല ‘ന്യായാധിപൻ’

കാസർകോട്
‘‘കുന്നോളം സ്വപ്‌നം കാണണം. അതിൽ കുന്നിക്കുരുവോളമല്ല ലക്ഷ്യം വയ്‌ക്കേണ്ടത്. സ്വപ്‌നം കണ്ടതിനും അപ്പുറത്തേക്കാവണം നമ്മുടെ നോട്ടം’’– തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരത്തിന് കച്ചകെട്ടിയിറങ്ങുന്നവരോട് തടിയൻകൊവ്വലിലെ ‘റിട്ടയേഡ്’ പഞ്ചായത്തംഗം പി പി കുഞ്ഞികൃഷ്‌ണൻ പറയാനുള്ളത് ഇതാണ്. കുഞ്ഞികൃഷ്‌ണൻ മാഷ് തടിയൻകൊവ്വലുകാർക്ക് വാർഡ് മെന്പറാണെങ്കിൽ കേരളത്തിന് അവരുടെ പ്രിയ നടനാണ്. ‘ന്നാ താൻ കേസ് കൊട്’ സിനിമയിലെ ന്യായാധിപനെപ്പോലെ തകർപ്പൻ കഥാപാത്രങ്ങളെ സൃഷ്ടിച്ചയാൾ. അനേകം നൂതനാശയങ്ങൾ നടപ്പാക്കിയ മെന്പറാണ് മാഷ്. സിനിമാ തിരക്കുകളിലും ഗ്രാമസഭയുടെ നോട്ടീസുമായും ഗുണഭോക്താക്കൾക്കുള്ള ഫോറവുമായി വീടുകയറിയിറങ്ങാൻ മാഷുണ്ടാവും. ഹരിതകർമസേനയെക്കുറിച്ച് കേരളം ചിന്തിച്ച് തുടങ്ങും മുന്പ് 35 അംഗങ്ങളുള്ള സന്നദ്ധസേന രൂപീകരിച്ച് വീടുകൾ തോറും പ്ലാസ്‌റ്റിക് മാലിന്യവും ചെരുപ്പും ബാഗും ഇ മാലിന്യവുമൊക്കെ ശേഖരിച്ച് പുനരുപയോഗത്തിന് അയച്ച ദീർഘവീക്ഷണമുള്ള ജനപ്രതിനിധി. മഴക്കാലത്ത് വീടുകയറുന്നതിനിടെ സുഖവിവരങ്ങൾ തിരക്കിയപ്പോൾ മുതിർന്നയാളുകൾ പലരും കൈകാൽ കഴപ്പിനെക്കുറിച്ച് ആവലാതിപ്പെട്ടപ്പോൾ വർഷം തോറും കൊട്ടൻചുക്കാദി തൈലമുണ്ടാക്കി വീടുകൾ തോറും വിതരണം ചെയ്‌തയാൾ. മാലിന്യമുക്ത വാർഡ്, ശുചിത്വ വീടുകൾക്കുള്ള പുരസ്‌കാരം, ആഴ്ചതോറുമുള്ള പ്രഷർ– ഷുഗർ പരിശോധന, എല്ലാ വീട്ടിലും പച്ചക്കറി തോട്ടം, ഓണത്തിനും വിഷുവിനും മുതിർന്ന പൗരന്മാർക്ക് വിഷുക്കോടി അങ്ങിനെ മാഷ് വെട്ടിയ പുതുവഴികൾ പങ്കാളിത്ത വികസനത്തിലൈ ലക്ഷണമൊത്ത കേരള മോഡലുകളാണ്. 2015ൽ പടന്ന പഞ്ചായത്തിലെ എട്ടാം വാർഡായ തടിയൻകൊവ്വലിലും 2020ൽ നടക്കാവ് വാർഡിൽനിന്നുമാണ് സിപിഐ എം സ്ഥാനാർഥിയായി മാഷ് വൻഭൂരിപക്ഷത്തോടെ ജയിച്ചത്. ഇത്തവണ മത്സരത്തിനില്ലെങ്കിലും എട്ടും ഒന്പതും വാർഡുകളിലെ എൽഡിഎഫ് സ്ഥാനാർഥികളായ ഇ വി ചിത്രയ്‌ക്കും കെ സി രമേശനുമൊപ്പം വീടുകൾ കയറിയിറങ്ങുകയാണ് മാഷ്. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൺവൻഷനുകളിലെ താരപ്രചാരകനുമാണ്. സഹോദരനുമായുള്ള അതിർത്തിതർക്കത്തിന്റെ പേരിൽ വീട്ടിലേക്ക് വഴിമുടങ്ങിയ ഒരു കുടുംബമുണ്ടായിരുന്നു വാർഡിൽ. രണ്ട് പഞ്ചായത്ത് പ്രസിഡന്റുമായി ചെന്ന് സഹോദരനുമായി ചർച്ച നടത്തി മതിൽപൊളിച്ചു നീക്കി വഴിയൊരുക്കിയ അനുഭവമാണ് ജനപ്രതിനിധിയെന്ന വേഷപ്പകർച്ചയിലെ ഏറ്റവും സന്തോഷം നിറഞ്ഞ അനുഭവം.









0 comments