എമിറേറ്റ്സ് വിമാനങ്ങളിൽ രണ്ട് വർഷത്തിനുള്ളിൽ സൗജന്യ സ്റ്റാർലിങ്ക് വൈഫൈ

ദുബായ്: വിമാനയാത്രയിൽ തന്നെ ഭൂതല വേഗതയിലുള്ള ഇന്റർനെറ്റ് ലഭ്യമാക്കുന്ന സ്റ്റാർലിങ്ക് സേവനം മുഴുവൻ എമിറേറ്റ്സ് വിമാനങ്ങളിലേക്കും എത്തുന്നു. 2025 നവംബറിൽ ബോയിംഗ് 777 വിമാനങ്ങളിൽ നിന്ന് ആരംഭിച്ച് 2027 മദ്ധ്യത്തോടെ പൂർത്തിയാക്കാനാണ് പദ്ധതിയെന്ന് എമിറേറ്റ്സ് അറിയിച്ചു. സ്റ്റാർലിങ്ക് സജ്ജീകരിച്ച എല്ലാ വിമാനങ്ങളിലും എല്ലാ ക്ലാസുകളിലുമുള്ള യാത്രക്കാർക്കും പണം ഈടാക്കാതെയും സ്‌കൈവേഡ്സ് അംഗത്വം ആവശ്യപ്പെടാതെയും വൈഫൈ ഉപയോഗിക്കാം. 232 വിമാനങ്ങളടങ്ങുന്ന മുഴുവൻ ഫ്ലീറ്റിലും സേവനം സ്ഥാപിക്കുകയാണ് ലക്ഷ്യം.
ദുബായ് എയർഷോയിൽ പ്രദർശനത്തിലിരിക്കുന്ന ബോയിംഗ് 777-300 (എ 6 - ഇ പി എഫ് ) ആണ് സ്റ്റാർലിങ്ക് സംവിധാനം ആദ്യമായി സജ്ജീകരിച്ച വിമാനമെന്ന് എമിറേറ്റ്സ് വ്യക്തമാക്കി. എയർഷോയ്‌ക്ക് പിന്നാലെ തന്നെ സ്റ്റാർലിങ്ക് സജ്ജീകരിച്ച ആദ്യ വാണിജ്യ യാത്ര പുറപ്പെടും. പ്രതിമാസം 14 വിമാനങ്ങളിലായി ഇൻസ്റ്റാളേഷൻ നടക്കും. എയർബസ് എ 380 വിമാനങ്ങളിൽ സ്ഥാപിക്കുന്നത് 2026 ഫെബ്രുവരി മുതൽ ആരംഭിക്കും.
സ്റ്റാർലിങ്ക് കണക്റ്റിവിറ്റിയിലൂടെ യാത്രക്കാർക്ക് വീഡിയോ സ്ട്രീമിംഗ്, ഗെയിമിംഗ്, ഫോൺ കോളുകൾ, ജോലി, സോഷ്യൽ മീഡിയ ബ്രൗസിംഗ് എന്നിവ സീറ്റ്‌ബാക്ക് സ്ക്രീനിലും സ്വകാര്യ ഉപകരണങ്ങളിലും ഒരേസമയം സാധ്യമാകും. സൗദിയും ഖത്തറും ഉൾപ്പെടെ ഗൾഫ് മേഖലയിൽ മറ്റ് എയർലൈൻസുകളും സ്റ്റാർലിങ്ക് വിന്യസിച്ചുവരികയാണ്. ഖത്തർ എയർവേയ്‌സ് ഇതിനകം 100-ത്തിലധികം വിമാനം സ്റ്റാർലിങ്ക് വൈഫൈ സജ്ജീകരിച്ചുവെന്ന് കമ്പനി അറിയിച്ചു.









0 comments