ഓടിക്കൊണ്ടിരുന്ന ട്രെയിനകത്തേക്ക് കയറുന്നതിനിടെ അപകടം: അത്ഭുതകരമായി രക്ഷപ്പെടുത്തി പൊലീസ്

തിരൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറുന്നതിനിടെ അപകടത്തിൽപെട്ടയാളെ അത്ഭുതകരമായി രക്ഷപ്പെടുത്തി പൊലീസ്. ട്രെയിൻ ഓടിത്തുടങ്ങിയപ്പോൾ മറ്റൊരാളുടെ കൈപിടിച്ച് ട്രെയിനകത്തേക്ക് കയറുന്നതിനിടെയാണ് സ്ത്രീ അപകടത്തിൽ പെടുന്നത്. സ്ത്രീയെ രക്ഷിച്ച പൊലീസുകാരനെ അഭിനന്ദിച്ചുകൊണ്ടുള്ള അടിക്കുറിപ്പോടുകൂടി പുറത്തിറക്കിയ സിസിടിവി ദൃശ്യങ്ങൾ കേരള പൊലീസിൻ്റെ ഔദ്യോഗിക പേജിൽ വന്നതിന് പിന്നാലെയാണ് ഇത് ശ്രദ്ധിക്കപ്പെടുന്നത്.
തിരൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. നിർത്തിയിട്ടിരുന്ന ട്രെയിൻ ചെറുതായി നീങ്ങിത്തുടങ്ങിയപ്പോൾ സ്ത്രീ ഓടുകയായിരുന്നു. ഇത് കണ്ട് അപകടമുണ്ടായേക്കാം എന്ന തിരിച്ചറിവോടെ അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർ ഉമേഷൻ പി കൂടെ ഓടി. പ്രതീക്ഷിച്ച പോലെ തന്നെ ട്രെയിനിൻ്റെ പിടിവിട്ട് ട്രെയിനിനും പാളത്തിനിടയിലും വീഴാൻ പോയ സ്ത്രീയെ പ്ലാറ്റ്ഫോമിലേക്ക് ഉമേഷ് വലിച്ചിടുകയായിരുന്നു.
അപകടത്തിൽപ്പെട്ടയാളെ രക്ഷിച്ച എഎസ്ഐ ഉമേഷൻ പിക്ക് കേരള പൊലീസ് അഭിനന്ദനങ്ങൾ അറിയിച്ചു. ഓടുന്ന ട്രെയിനിൽ കയറരുതെന്നുള്ള മുന്നറിയിപ്പും വീഡിയോയുടെ അവസാനത്തിൽ പൊലീസ് നൽകുന്നുണ്ട്.









0 comments