അസുഖത്തെ തുടർന്ന് എയർപോർട്ടിൽ നിന്നും തിരിച്ചയച്ച പ്രവാസി നാട്ടിലേക്ക് മടങ്ങി

റിയാദ്: അവധിക്ക് നാട്ടിൽ പോകുന്നതിനായി എയർപോർട്ടിൽ എത്തി, ദേഹാസ്വസ്ത്യത്തെ തുടർന്ന് യാത്ര മുടങ്ങിയ തിരുവനന്തപുരം പാറശ്ശാല സ്വദേശി ജോസ് ഫെർണാണ്ടസ് ഒരുമാസത്തെ ചികിത്സക്ക് ശേഷം നാട്ടിലേക്ക് മടങ്ങി.
13 വർഷമായി റിയാദിൽ നിർമാണ തൊഴിലാളിയായ ജോസ് മൂന്ന് മാസത്തെ അവധിക്ക് നാട്ടിൽ പോകുന്നതിനായാണ് റിയാദ് എയർപോർട്ടിൽ എത്തിയത്. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനിടയിൽ തളർച്ച അനുഭവ പെടുകയും എയർപോർട്ട് അധികൃതർ ജോസിനെ മാറ്റി നിർത്തുകയുമായിരുന്നു. തുടർന്ന് കേളി പ്രവർത്തകനായ മോഹൻദാസിനെ വിവരമറിയിച്ചു. ഉടൻതന്നെ ജോസിനെ സുമേഷി ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുറച്ചു സമയത്തിനകം രക്തസമ്മർദ്ദം വർധിക്കുകയും ജോസിന്റെ ഒരു വശം തളർന്നതിനെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയുമായിരുന്നു. വിവരമറിഞ്ഞ് യുകെയിൽ പഠിക്കുന്ന മകൻ സാനു ജോസ് റിയാദിൽ എത്തിയിരുന്നു. 40 ദിവസത്തെ ചികിത്സക്ക് ശേഷം വീൽചെയർ സഹായത്തോടെ യാത്ര ചെയ്യാൻ കഴിയുമെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് സൗദി എയർലൈൻസിൽ കൊച്ചിയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. തുടർ ചികിത്സക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മടക്കയാത്രയിൽ പിതാവിനൊപ്പം അനുഗമിക്കാൻ മകൻ സാനു യുകെയിൽ നിന്നും എത്തി. ജോസിനുള്ള ടിക്കറ്റ് കേളി നൽകി. ബത്ത ഏരിയ കമ്മറ്റി അംഗം മോഹൻദാസ്, ജീവകാരുണ്യ കൺവീനർ നസീർ മുള്ളൂർക്കര, ജീവകാരുണ്യ കമ്മറ്റി അംഗം എബി വർഗീസ് മറ്റ് കേളിയുടെ പ്രവർത്തകരും ജോസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ കൂടെ ഉണ്ടായിരുന്നു.









0 comments