സുഗതാഞ്ജലി കാവ്യാലാപന മത്സരം; അഞ്ജലി വെത്തൂരും കാർത്തിക് സന്തോഷും ജേതാക്കൾ

അബുദാബി: മലയാളം മിഷൻ ആഗോളതലത്തിൽ സംഘടിപ്പിച്ചുവരുന്ന അഞ്ചാമത് 'സുഗതാഞ്ജലി കാവ്യാലാപനമത്സര'ത്തിന്റെ ഭാഗമായി മലയാളം മിഷൻ അബുദാബി ചാപ്റ്റർ സംഘടിപ്പിച്ച കാവ്യാലാപന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ അബുദാബി മലയാളി സമാജം മേഖലയിലെ അഞ്ജലി വെത്തൂരും സബ്ജൂനിയർ വിഭാഗത്തിൽ ഷാബിയ മേഖലയിലെ കാർത്തിക് സന്തോഷും ഒന്നാംസ്ഥാനം നേടി.
അഞ്ജലി ജെംസ് ന്യൂ മില്ലിനിയം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. കാർത്തിക് സന്തോഷ് അബുദാബി മോഡൽ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയും.
ഒഎൻവിയുടെ കവിതകളായിരുന്നു മത്സരത്തിനായി പരിഗണിച്ചത്.
അഞ്ച് മേഖലകളിലായി നടന്ന മേഖലാതല മത്സരങ്ങളിൽ നിന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചവരായിരുന്നു ചാപ്റ്റർതല മത്സരത്തിൽ പങ്കെടുത്തത്.
ജൂനിയർ വിഭാഗത്തിൽ കേരള സോഷ്യൽ സെന്റർ മേഖലയിലെ വേദ മനു രണ്ടാം സ്ഥാനം കരസ്ഥമാക്കി. സമാജം മേഖലയിലെ വിദ്യാർഥികളായ മാധവ് സന്തോഷും ദേവി തരുണിമ പ്രഭുവും മൂന്നാം സ്ഥാനം പങ്കിട്ടെടുത്തു. സബ് ജൂനിയർ വിഭാഗത്തിൽ ഷാബിയാ മേഖലയിലെ അമേയ അനൂപ്, മലയാളി സമാജം മേഖലയിലെ തന്മയ ശ്രീജിത്ത് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജൂനിയർ വിഭാഗത്തിലെ സമാജം വിദ്യാർഥികളായ ദിൽഷാ ഷാജിത്ത്, ശ്രേയ ശ്രീലക്ഷി കൃഷ്ണ, സബ്ജൂനിയർ വിഭാഗത്തിലെ കെഎസ്‌സി. മേഖല വിദ്യാർഥിയായ മീനാക്ഷി മേലേപ്പാട്ട് എന്നിവർക്ക് പ്രോത്സാഹന സമ്മാനം നൽകാൻ വിധികർത്താക്കൾ നിർദ്ദേശിച്ചു. ചാപ്റ്റർതല മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചവരായിരിക്കും ആഗോളതലമത്സരത്തിൽ മത്സരിക്കുന്നത്.
നാസർ വിളഭാഗം, അനിൽ പുതുവയൽ, അനന്തലക്ഷ്മി ഷെരീഫ് എന്നിവരായിരുന്നു വിധികർത്താക്കൾ. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ കെ ബീരാൻകുട്ടി മത്സരം ഉദ്ഘാടനം ചെയ്തു. നാദലയം മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വിഷ്ണു മോഹൻദാസ് ആശംസ നേർന്നു.
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി, സെക്രട്ടറി ബിജിത് കുമാർ, മേഖല കോർഡിനേറ്റർമാരായ ബിൻസി ലെനിൻ, പ്രീത നാരായണൻ, രമേശ് ദേവരാഗം, ഷൈനി ബാലചന്ദ്രൻ എന്നിവർ മത്സരം നിയന്ത്രിച്ചു.









0 comments