ഷാർജ ഇന്ത്യൻ അസോസിയേഷൻ സമ്മർ ക്യാമ്പിന് തുടക്കം

ഷാർജ ഇന്ത്യൻ അസോസിയേഷൻ സമ്മർ ക്യാമ്പിന്റെ ഉദ്‌ഘാടന ചടങ്ങിൽനിന്ന്
ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ഇൗ വർഷത്തെ സമ്മർ ക്യാമ്പിന് ഐഎഎസ് കമ്യൂണിറ്റി ഹാളിൽ തുടക്കം. അഞ്ചുമുതൽ 12 വരെ ക്ലാസിൽ പഠിക്കുന്ന 200ൽ അധികം കുട്ടികളാണ് ആദ്യ ദിവസത്തെ ക്യാമ്പിൽ പങ്കെടുത്തത്. വേനൽ അവധിക്കാലത്ത്, വിദ്യാർഥികളെ സാംസ്‌കാരികവും സൃഷ്‌ടിപരവുമായ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തിലാണ് ക്യാമ്പ്.
ദുബായ് ഇൻഫോ സ്‌കിൽസുമായി ചേർന്ന് സംഘടിപ്പിക്കുന്ന ക്യാമ്പിൽ ശിൽപശാലകൾ, കലാകായിക പരിശീലനങ്ങൾ, വ്യക്തിത്വ വികസന ക്ലാസുകൾ, കരകൗശല പ്രവർത്തനങ്ങൾ, സാംസ്‌കാരിക അവബോധക ക്ലാസുകൾ, സംവേദനാത്മക ഗെയിമുകൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി ഭരണവിഭാഗം ഡയറക്ടർ താഹിർ അഹമ്മദ് അൽ മെഹ്റസി മുഖ്യാതിഥിയായി. ഷാർജ ഇന്ത്യൻ സ്കൂളുകളിലെ പ്രിൻസിപ്പൽമാരായ പ്രമോദ് മഹാജൻ, മുഹമ്മദ് അമീൻ, ഇൻഫോ സ്‌കിൽസ് ഡയറക്ടർ നസ്റീൻ അഹമ്മദ് ബാവ, ബദ്രിയ അൽ തമീമി എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി പി ശ്രീപ്രകാശ് സ്വാഗതവും ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു.
ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ക്യാമ്പ് 15ന് സമാപിക്കും. സ്വാതന്ത്ര്യദിനാഘോഷവും ക്യാമ്പിന്റെ സമാപന ചടങ്ങുകളും ഒരുമിച്ചു നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വൈകിട്ട് ഏഴുമുതൽ രാത്രി 11 വരെ കമ്യൂണിറ്റി ഹാളിൽ നടക്കുന്ന സമാപന പരിപാടിയിൽ വിവിധ സാംസ്‌കാരിക പ്രകടനങ്ങളും ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടക്കും.









0 comments