കുവൈത്തിൽ പുറം തൊഴിലുകൾക്ക് നിയന്ത്രണം

കുവൈത്ത് സിറ്റി : കുവൈത്തിൽ കടുത്ത ചൂട് തുടരുന്നതിനാൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ പുറം തൊഴിലുകൾക്ക് നിയന്ത്രണം. ജൂൺ 1 മുതൽ പകൽ 11 മുതൽ 4 വരെ പുറം ജോലികൾക്ക് നിരോധനം പ്രാബല്യത്തിൽ വന്നു. ആഗസ്ത് 31 വരെ നിയന്ത്രണം തുടരുമെന്ന് മാനവ ശേഷി പൊതു സമിതി അറിയിച്ചു. 2015ലാണ് കുവൈത്തിൽ ഉച്ച ജോലിനിരോധനം ആദ്യമായി നടപ്പിലാക്കിയത്. വേനലിൽ കഠിനമായ ചൂട് നേരിടേണ്ടി വരുന്ന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തിയാണ് നടപടി.
നിയമം നടപ്പാക്കുന്നതിനായി മിന്നൽ പരിശോധനകൾ, ഫീൽഡ് ഇൻസ്പെക്ഷനുകൾ, തുടങ്ങിയവ മാനവ ശേഷി പൊതു സമിതിയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴയടക്കം കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിയമലംഘനങ്ങൾ പൊതുജനങ്ങൾക്ക് 24936192 എന്ന നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യാവുന്നതാണ്.
അതിനിടെ രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിന് അടുത്തെത്തി. രാത്രിയിലും കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. തുറസായ പ്രദേശങ്ങളിൽ കാറ്റ് മൂലം പൊടിപടലങ്ങൾ രൂപപ്പെടുന്നുണ്ട്. വരും ദിവസങ്ങളിൽ താപനിലയിൽ കൂടുതൽ വർധനയും ചൂടുള്ള കാലാവസ്ഥയും അനുഭവപ്പെടാനിടയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. തീര പ്രദേശങ്ങളിൽ താമസിക്കുന്നവരും പുറത്തിറങ്ങുന്നവരും പൊടിപടലത്തിനും ചൂടിനും എതിരായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഇതിനൊപ്പം, ഡെലിവറി ബൈക്കുകൾക്കും ഇക്കാലയളവിൽ പകൽസമയം റോഡിൽ പ്രവർത്തിക്കാൻ നിയന്ത്രണമുണ്ട്. 11 മുതൽ 4 വരെയാണ് ഡെലിവറി ബൈക്കുകൾക്കുള്ള നിരോധനം ബാധകമാകുന്നത്. കമ്പനികൾ കർശനമായി ഇത് പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ലംഘനം കണ്ടെത്തിയാൽ കഠിനമായ പിഴയും നിയമനടപടികളും നേരിടേണ്ടിവരും.









0 comments