അബുദാബിയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

അബുദാബി : ഇന്ത്യയുടെ എഴുപത്താറാമതു റിപ്പബ്ലിക് ദിനം അബുദാബിയിൽ ആഘോഷിച്ചു. യുഎഇ ഇന്ത്യൻ എംബസി, ഗവൺമെന്റ് അംഗീകൃത സംഘടനകൾ, ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ദേശീയപതാക ഉയർത്തിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചും ആഘോഷങ്ങളിൽ പങ്ക് ചേർന്നു.
അബുദാബിയിലെ ഇന്ത്യൻ എംബസി ആസ്ഥാനത്ത് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ ദേശീയ പതാക ഉയർത്തി. തുടർന്ന് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിൻ്റെ റിപ്പബ്ലിക് ദിനസന്ദേശം വായിച്ചു. ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ അങ്കണത്തിൽ പ്രസിഡന്റ് എം ജയറാം റായ് പതാകയുയർത്തി. ജനറൽ സെക്രട്ടറി രാജേഷ് ശ്രീധരൻ, ഖജാൻജി ദിനേശ് പൊതുവാൾ, രക്ഷാധികാരി കെ.മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.
അബുദാബി കേരള സോഷ്യൽ സെന്റർ ആസ്ഥാനത്ത് ദേശീയഗാന പശ്ചാത്തലത്തിൽ പ്രസിഡന്റ് എ കെ ബീരാൻകുട്ടി പതാകയുയർത്തി. ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, ജോയിന്റ് സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടിൽ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
അബുദാബി മലയാളി സമാജത്തിൽ പ്രസിഡന്റ് സലിം ചിറക്കൽ പതാക ഉയർത്തി. 'വൈസ് പ്രസിഡന്റ് ടി എം നിസാർ, വനിതാ വിഭാഗം കൺവീനർ ലാലി സാംസൺ, ബാലവേദി പ്രസിഡണ്ട് വൈദർശ് ബിനു, സെക്രട്ടറി അൻവി പ്രദീപ്,സമാജം കോർഡിനേഷൻ ജനറൽ കൺവീനർ സുരേഷ് പയ്യന്നൂർ, വൈസ് ചെയർമാൻ എ എം അൻസാർ, സമാജം മുൻ ജനറൽ സെക്രട്ടറി കെ എച്ച് താഹിർ, സമാജം ഭാരവാഹികളായ ഷാജികുമാർ, അനിൽകുമാർ എ.പി. സാജൻ ശ്രീനിവാസൻ, എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി വി സുരേഷ്കുമാർ സ്വാഗതവും ട്രഷറർ യാസിർ അറാഫത്ത് നന്ദിയും പറഞ്ഞു. ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ (ഐഐസി) അങ്കണത്തിൽ ജനറൽ സെക്രട്ടറി ടി ഹിദായത്തുള്ള പതാകയുയർത്തി. സെന്റർ ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.









0 comments