റംസാൻ 27-ാം രാവ്: മക്കയിലും മദീനയിലും എത്തിയത് 30 ലക്ഷം പേർ

ജിദ്ദ : റംസാന്റെ 27–--ാം രാവിൽ മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ പ്രവാചക പള്ളിയിലും രാത്രി നമസ്‌കാരങ്ങൾക്കായി ഒത്തുകൂടിയത് 30 ലക്ഷത്തിലധികം പേർ. ഇശ, തറാവീഹ്, ഖിയാമുല്ലൈൽ എന്നീ പ്രത്യേക നമസ്‌കാരങ്ങൾക്കായാണ് തീർഥാടകരെത്തിയത്. ഇരു പള്ളികളുടെയും എല്ലാ നിലകളും മുറ്റങ്ങളും വിശ്വാസികളാൽ നിറഞ്ഞു. ഹറമിലേക്കുള്ള റോഡിൽ കിലോമീറ്ററുകളോളം തിരക്ക് അനുഭവപ്പെട്ടു.
രണ്ട് പള്ളികളുടെ കാര്യങ്ങൾക്കുള്ള ജനറൽ അതോറിറ്റിയുടെ തലവൻ ഷെയ്‌ഖ് അബ്ദുറഹ്മാൻ അൽ-സുദൈസിന്റെ നേതൃത്വത്തിൽ ഹറമിൽ പ്രത്യേക പ്രാർഥന നടന്നു. കനത്ത മഴയിലും തടസ്സമില്ലാതെ പ്രാർഥന കർമങ്ങൾ പൂർത്തിയാക്കി. എല്ലാ ഏജൻസിയുമായും സുരക്ഷാ സേനയുമായും സഹകരിച്ച് ഹറമിനുള്ളിൽ തീർഥാടകരുടെ സുഗമമായ ഒഴുക്ക് നിയന്ത്രിക്കാൻ അതോറിറ്റി ഇടപെട്ടു. വിവിധ ഭാഷകളിലുള്ള ഖുർആൻ പകർപ്പുകൾ ലഭ്യമാക്കി. സൗകര്യത്തിനായി ഉച്ചഭാഷിണികൾ സജ്ജീകരിച്ചു. ശുചീകരണ പ്രവർത്തനം ശക്തമാക്കിയും കൂടുതൽ ഫാനുകൾ, ശീതീകരണ സംവിധാനം എന്നിവ ഒരുക്കിയും തീർഥാടനം സുഖമമാക്കി. ഗോൾഫ് കാർട്ടുകൾ, സാധാരണ കാർട്ടുകൾ, ഇലക്‌ട്രിക് കാർട്ടുകൾ എന്നിവ ചിട്ടയായ പദ്ധതികളനുസരിച്ച് കാര്യക്ഷമമായി പ്രവർത്തിപ്പിച്ചു.
മക്ക മേഖലയിലെ ആരോഗ്യ വകുപ്പ് ഹറമിൽ മെഡിക്കൽ സെന്ററുകൾ സ്ഥാപിച്ച് സേവനം മെച്ചപ്പെടുത്തി തീർഥാടകർക്ക് ആവശ്യമുള്ള വൈദ്യസഹായം ഉറപ്പാക്കി.
സൗദി ബോയ് സ്‌കൗട്ട്സ് അസോസിയേഷനിൽ നിന്നുള്ള 400-ൽ അധികം സ്കൗട്ടുകൾ ഹറമിനുള്ളിലെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സഹായിച്ചു. ജനറൽ അതോറിറ്റി, മക്ക ഹെൽത്ത് ക്ലസ്റ്റർ, പബ്ലിക് സെക്യൂരിറ്റി എന്നിവയുമായി സഹകരിച്ചായിരുന്നു പ്രവർത്തനം. മദീനയിലെ പ്രവാചക പള്ളിയിലും ആഭ്യന്തര, വിദേശ തീർഥാടകരാൽ പ്രാർഥന ഹാളുകൾ അതിരാവിലെ നിറഞ്ഞു. വിവിധ വകുപ്പുകളുമായും ബന്ധപ്പെട്ട അധികാരികളുമായും സഹകരിച്ച് സുരക്ഷയും സൗകര്യവും നിലനിർത്താൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഇവിടെയും ഒരുക്കിയിരുന്നു.









0 comments