print edition തദ്ദേശത്തിലും അവിശുദ്ധ സഖ്യം: ബിജെപി നേതാക്കളുമായി ചെന്നിത്തലയുടെ രഹസ്യചർച്ച

പി വി ജീജോ
Published on Nov 16, 2025, 12:42 AM | 1 min read
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ വീണ്ടുമൊരു കനത്തതോൽവി ഭയക്കുന്ന കോൺഗ്രസ് ബിജെപി നേതൃത്വവുമായി ചർച്ച തുടങ്ങി. കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കോഴിക്കോട്ടെ പ്രമുഖ ഹോട്ടലിലാണ് ബിജെപി ജില്ലാ – സംസ്ഥാന നേതാക്കളെ കണ്ടത്. കോഴിക്കോട് കോർപറേഷനടക്കമുള്ള തെരഞ്ഞെടുപ്പിൽ ബിജെപിയുമായി അവിശുദ്ധസഖ്യം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് ചർച്ച.
കോൺഗ്രസ് രാഷ്‌ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യനും ചെന്നിത്തലയ്ക്കൊപ്പമുണ്ടായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് രാജീവൻ നിർമല്ലൂരടക്കമുള്ള നേതാക്കൾ ബിജെപിയിൽനിന്ന് പങ്കെടുത്തു. കോൺഗ്രസ് – ബിജെപി ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ചർച്ച.
കോഴിക്കോട് കോർപറേഷനിലടക്കം ബിജെപിയുമായി വോട്ട്, സീറ്റ് ധാരണ ചർച്ചചെയ്തതായാണ് വിവരം. ബിജെപി വോട്ട് ഉറപ്പാക്കുക, ചില സീറ്റുകളിൽ സ്ഥാനാർഥികളെ പരസ്‌പര ധാരണയിൽ മത്സരിപ്പിക്കുക എന്നീ കാര്യങ്ങൾ ചർച്ച ചെയ്തു. കെപിസിസിയുടെ കോഴിക്കോട് കോർപറേഷൻ തെരഞ്ഞെടുപ്പ് ചുമതല ചെന്നിത്തലയ്ക്കാണ്. തെരഞ്ഞെടുപ്പിൽ യുഡിഎഫ് എങ്ങനെയും വിജയിക്കാനുള്ള തന്ത്രം ആവിഷ്‌കരിക്കുമെന്ന് നേരത്തെ ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ബിജെപി ജില്ലാ കോർ കമ്മിറ്റി യോഗത്തിൽ ഇതേച്ചൊല്ലി ഒച്ചപ്പാടുണ്ടായി. മുൻ ജില്ലാ പ്രസിഡന്റ് വി കെ സജീവനാണ് വിഷയം ഉന്നയിച്ചത്. കോഴിക്കോട് കോർപറേഷനിലെ ചാലപ്പുറം, മാവൂർ റോഡ് വാർഡുകളിൽ ബിജെപിയുടെ സാധ്യത അടിയറവയ്ക്കുന്നത് ഇതിന്റെ ഭാഗമാണെന്ന് സജീവൻ പറഞ്ഞു. മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് എന്നിവർ പങ്കെടുത്ത യോഗത്തിലായുരുന്നു ചോദ്യം ഉന്നയിച്ചത്. നേതാക്കളാരും പ്രതികരിച്ചില്ല. സജീവനെ വിഷയമുന്നയിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കാനായിരുന്നു ശ്രമം. കോർപറേഷനിൽ യുഡിഎഫും ബിജെപിയും ഇതേവരെ സ്ഥാനാർഥികളെ പൂർണമായി പ്രഖ്യാപിച്ചിട്ടില്ല. പരസ്‌പരധാരണയുടെ അടിസ്ഥാനത്തിൽ ഘട്ടം ഘട്ടമായാണ് പ്രഖ്യാപനം.








0 comments