മൊബൈൽ ഫോൺ ഓർഡർചെയ്ത്‌ തട്ടിപ്പ്

ഫ്ലിപ്‌കാര്‍ട്ടിന്റെ വിതരണകേന്ദ്രത്തില്‍നിന്ന് 1.61 കോടിയുടെ ഫോണുകൾ നഷ്ടമായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2025, 12:42 AM | 1 min read

ആലുവ

ഫ്ലിപ്‌കാര്‍ട്ടിന്റെ ജില്ലാ വിതരണകേന്ദ്രത്തില്‍നിന്ന് 1.61 കോടിയുടെ മൊബൈല്‍ ഫോണുകള്‍ നഷ്ടമായെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 332 ഫോണുകളാണ്‌ നഷ്ടപ്പെട്ടത്‌. ഫ്ലിപ്‌കാര്‍ട്ട്‌ എൻഫോഴ്സ്‌മെന്റ്‌ ഓഫീസർ നൽകിയ പരാതിയിൽ റൂറൽ സൈബർ പൊലീസാണ്‌ അന്വേഷണം നടത്തുന്നത്‌.


കാഞ്ഞൂര്‍, കുറുപ്പംപടി, മേക്കാട്, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ഡെലിവറി ഹബ്ബുകളിലാണ് തട്ടിപ്പ് നടന്നത്. ചുമതലയുണ്ടായിരുന്ന സിദ്ധിഖി കെ അലിയാര്‍, ജാസിം ദിലീപ്, പി എ ഹാരിസ്, മാഹിന്‍ നൗഷാദ് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വ്യാജ വിലാസങ്ങളും ഫോൺ നമ്പറുകളും നല്‍കി ഫ്ലിപ്‌കാര്‍ട്ടിൽനിന്ന്‌ ഫോണുകള്‍ ഓര്‍ഡര്‍ നല്‍കും. ആപ്പിള്‍, സാംസങ്, വിവോ, ഐക്യൂഒ തുടങ്ങിയ കമ്പനികളുടെ വിലകൂടിയ ഫോണുകളാണ് ഓര്‍ഡര്‍ ചെയ്യുന്നത്.


ഡെലിവറി ഹബ്ബുകളില്‍ ഫോണുകള്‍ എത്തിയശേഷം ഇവ കാണാതായെന്ന്‌ റിപ്പോര്‍ട്ട് ചെയ്യും. തുടര്‍ന്ന് പ്രതികൾ ഫോണുകള്‍ സ്വന്തമാക്കും. മൂവാറ്റുപുഴയില്‍നിന്ന് 53.41 ലക്ഷം രൂപയുടെ 106 ഫോണുകളും കുറുപ്പംപടിയില്‍നിന്ന് 40.97 ലക്ഷം രൂപ വരുന്ന 87 ഫോണുകളും മേക്കാടുനിന്ന്‌ 48.66 ലക്ഷം രൂപ വരുന്ന 101 ഫോണുകളും കാഞ്ഞൂരില്‍നിന്ന് 18.14 ലക്ഷം രൂപ വരുന്ന 38 ഫോണുകളും ഇത്തരത്തില്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്.


ഫോണുകളെല്ലാം അതത് ഡെലിവറി കേന്ദ്രങ്ങളിലെത്തിയശേഷം കാണാതായെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വഞ്ചന, വ്യാജരേഖചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തട്ടിപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്നും പ്രതികളെ ഉടൻ ചോദ്യംചെയ്യുമെന്നും പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home