വിമാനത്തില്‍ വച്ച് യാത്രികന് ഹൃദയാഘാതം; രക്ഷകരായി മലയാളി നേഴ്സുമാർ

അബുദാബി: യുഎഇയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ യാത്രികനെ സന്ദർഭോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തിയ രണ്ട് മലയാളി നേഴ്സുമാർക്ക് അഭിനന്ദനപ്രവാഹം. ഒക്ടോബർ 13 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്കുള്ള എയർ അറേബ്യ 3എൽ 128 വിമാനത്തിലാണ് സംഭവം. തൃശൂർ സ്വദേശിയായ 34കാരനാണ് ഹൃദയാഘാതമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന നഴ്സുമാരായ വയനാട് സ്വദേശി അഭിജിത്ത് ജീസിനും ചെങ്ങന്നൂർ സ്വദേശി അജീഷ് നെൽസനുമാണ് ഉടനടി ഇടപെട്ടത്.
യുഎഇ യിലെ റെസ്പോൺസ് പ്ലസ് ഹോൾഡിങ്ങിന്റെ ഭാഗമായ റെസ്പോൺസ് പ്ലസ് മെഡിക്കലിൽ (ആർപിഎം) രജിസ്റ്റേർഡ് നേഴ്സായി ജോലിക്ക് കയറാനാണ് ഇരുവരും യാത്ര തിരിച്ചത്. വിമാനം പറന്ന് അൽപ്പസമയത്തിനുള്ളിൽ ഇവരുടെ അടുത്തുള്ള സീറ്റിലെ വ്യക്തിക്ക് ഹൃദയാഘാതമുണ്ടാവുകയായിരുന്നു.
വിമാന ജീവനക്കാരെ അറിയിച്ചതോടൊപ്പം ഒട്ടും സമയം പാഴാക്കാതെ രോഗിക്ക് അഭിജിത്ത് സിപിആർ നൽകാൻ തുടങ്ങി. സഹായത്തിനായി അജീഷും ചേർന്നു. ഇരുവരും ചേർന്ന് രണ്ട് റൗണ്ട് സിപിആർ നൽകിയതോടെ രോഗിക്ക് പൾസ് തിരിച്ച് കിട്ടി. ശ്വാസമെടുക്കാനും തുടങ്ങി.
ഇവരോടൊപ്പം വിമാനത്തിലുണ്ടായിരുന്ന ഡോ. ആരിഫ് അബ്ദുൽ ഖാദറും ചേർന്ന് രോഗിക്ക് ഐവി ഫ്ലൂയിഡുകൾ നൽകി. എയർപോർട്ടിലെ ചികിത്സക്ക് ശേഷം അടിയന്തരനില തരണം ചെയ്ത രോഗിയുടെ കുടുംബവും ഇരുവരോടും നന്ദി പറഞ്ഞു. ആർപിഎമ്മിൽ ജോയിൻ ചെയ്യുന്നതിന് മുൻപ് ഇന്ത്യയിൽ സ്റ്റാഫ് നേഴ്സുമാരായിരുന്നു അഭിജിത്തും അജീഷും.









0 comments