ദുബായിൽ പാർക്കിങ് നിരക്ക് 51 ശതമാനം വർധിച്ചു

ദുബായ്: വ്യത്യസ്‌ത നിരക്ക് സംവിധാനം ആരംഭിച്ചതിനെ തുടർന്ന് ദുബായിൽ പാർക്കിങ് നിരക്ക് 51 ശതമാനം വർധിച്ചു. നിരക്ക് മണിക്കൂറിന് ശരാശരി 3.03 ദിർഹമായി ഉയർന്നതായും പൊതു പാർക്കിങ് നിയന്ത്രിക്കുന്ന പാർക്കിൻ കമ്പനി അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ശരാശരി നിരക്ക് 2.01 ദിർഹം ആയിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ പുതിയ നിരക്ക് സംവിധാനം നിലവിൽ വന്നതോടെ ജൂലൈമുതൽ സെപ്തംബർവരെ പാർക്കിങ് നിരക്ക് ഗണ്യമായി ഉയർന്നു. ബി, ഡി മേഖലകളിൽ ഉയർന്ന നിരക്ക് രേഖപ്പെടുത്തി. അതേസമയം, എ, സി മേഖലയിൽ താരതമ്യേന നേരിയ വർധനവാണ്. പാർക്കിങ് സ്ഥലങ്ങളുടെ എണ്ണവും ഉപയോഗവും പരിഗണിച്ചാണ് ശരാശരി മണിക്കൂർ നിരക്ക് കണക്കാക്കുന്നത്. വിവിധ മേഖലകളിലെ സ്റ്റാൻഡേർഡ്– പ്രീമിയം പാർക്കിങ് പ്രദേശങ്ങളിലെ നിരക്കും തിരക്കുള്ളതും ഇല്ലാത്തതുമായ സമയ വ്യത്യാസങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ആവശ്യാനുസൃതം നിരക്ക് നിശ്ചയിക്കുന്ന രീതിയിലാണ് പുതിയ സംവിധാനം. ആവശ്യം, സ്ഥലം, സമയം എന്നിവ അടിസ്ഥാനമാക്കി നിരക്ക് വ്യത്യാസപ്പെടും. ഡൗൺ ടൗൺ ദുബായ്, ബിസിനസ് ബേ, ദെയ്‌റ, ജുമൈറ തുടങ്ങിയ തിരക്കേറിയ പ്രദേശങ്ങളിൽ രാവിലെ എട്ടുമുതൽ 10 വരെയും വൈകിട്ട് നാലുമുതൽ എട്ടുവരെയും ആദ്യ മണിക്കൂറിന് ആറുദിർഹമാണ് നിലവിലെ നിരക്ക്. രാത്രി 10 മുതൽ രാവിലെ എട്ടുവരെയും ഞായറാഴ്ചകളിലും പൊതുഅവധികളിലും പാർക്കിങ് സൗജന്യമാണ്.
പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ നിരവധി ഡ്രൈവർമാർ ദിവസേന പണമടയ്ക്കുന്നതിനുപകരം സീസണൽ കാർഡുകൾ സ്വീകരിക്കാൻ തുടങ്ങി. താൽക്കാലിക നിരക്കു വ്യത്യാസം മുതലെടുത്താണ് പലരും സീസണൽ കാർഡിലേക്ക് മാറിയതെന്ന് പാർക്കിൻ വ്യക്തമാക്കി. 2025-ലെ മൂന്നാം പാദത്തിൽ സീസണൽ കാർഡ് വിൽപ്പന 126 ശതമാനം വർധിച്ച് 81,000 ആയി.









0 comments