വൃശ്‌ചികോത്സവം നാളെ കൊടിയേറും

തൃപ്പൂണിത്തുറ
സംഗീതത്തിന്റെയും താളമേളങ്ങളുടെയും ആഘോഷദിനങ്ങളുമായി ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് ബുധനാഴ്‌ച കൊടിയേറും. രാത്രി 7. 30നാണ് കൊടിയേറ്റ്. തുടർന്ന് സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ ഉദ്ഘാടനം, പുരസ്കാര സമർപ്പണം എന്നിവ നടക്കും.
22ന് തൃക്കേട്ട പുറപ്പാട്, 24ന് ചെറിയ വിളക്ക്, 25ന് വലിയ വിളക്ക് എന്നിവ നടക്കും. 26നാണ് ആറാട്ട്. 19ന് വൈകിട്ട് 6.30ന് പെരുവനം കാർത്തിക് മാരാരുടെ തായമ്പക, 20ന് വൈകിട്ട് 6.30ന് പോരൂർ ഉണ്ണിക്കൃഷ്ണൻ, ശുകപുരം ദിലീപ് എന്നിവരുടെ ഇരട്ട തായമ്പക, 21ന് വൈകിട്ട് 6.30ന് പനമണ്ണ ശശി, മട്ടന്നൂർ ശ്രീരാജ്, മട്ടന്നൂർ ശ്രീകാന്ത് എന്നിവരുടെ ത്രിത്തായമ്പക തുടങ്ങിയവ ഉണ്ടാകും.
19ന് തിരുവല്ല രാധാകൃഷ്ണൻ, 20ന് പഴുവിൽ രഘുമാരാർ, 21ന് ചേരാനല്ലൂർ ശങ്കരൻകുട്ടിമാരാർ, 22ന് തൃക്കേട്ട പുറപ്പാട് ദിനം പെരുവനം കുട്ടൻമാരാർ, 23ന് ചെറുശേരി കുട്ടൻമാരാർ, 24ന് പെരുവനം സതീശൻമാരാർ, 25ന് കിഴക്കൂട്ട് അനിയൻമാരാർ, 26ന് പെരുവനം പ്രകാശൻമാരാർ, കലാമണ്ഡലം ശിവദാസൻ (പാണ്ടിമേളം) എന്നിവർ മേളപ്രമാണിമാരാകും.
19ന് രാത്രി ഒന്പതിന് ഡോ. ശ്രീദേവ് രാജഗോപാലൻ, 20ന് രാത്രി ഒന്പതിന് ചങ്ങനാശേരി സി പി മാധവൻ നമ്പൂതിരി, 21ന് രാത്രി 8.30ന് രഞ്ജിനി–ഗായത്രി, 22ന് രാത്രി ഒന്പതിന് സിക്കിൾ സി ഗുരുചരൺ, 23ന് രാത്രി ഒന്പതിന് കല്യാണപുരം എസ് അരവിന്ദ്, 25ന് രാത്രി ഒന്പതിന് മല്ലാടി സഹോദരന്മാർ (രാംപ്രസാദ് – ഡോ. രവികുമാർ) തുടങ്ങിയവരുടെ സംഗീതക്കച്ചേരികൾ നടക്കും.
24ന് രാത്രി ഒന്പതിന് ഗണേഷ്–കുമരേഷ് എന്നിവരുടെ വയലിൻ ദ്വയം, 26ന് രാത്രി 9.30ന് ശശാങ്ക് സുബ്രഹ്മണ്യത്തിന്റെ പുല്ലാങ്കുഴൽ കച്ചേരി. 19ന് നളചരിതം 3–ാംദിവസം, 20ന് സുഭദ്രാഹരണം, രാജസൂയം, 21ന് കാലകേയവധം, രാവണവിജയം, 22ന് സന്താനഗോപാലം, പ്രഹ്ലാദചരിതം, 23ന് ഉത്തരാസ്വയംവരം, കിരാതം, 24ന് ഉഷ ചിത്രലേഖ ( ബാണയുദ്ധം), നിഴൽക്കൂത്ത്, 25ന് ദക്ഷയാഗം തുടങ്ങിയ കഥകളികൾ നടക്കും. ദിവസവും പ്രശസ്തരുടെ ഓട്ടൻതുള്ളലും ഉണ്ടാകും.









0 comments