എല്ലാവർക്കും വീട് ഭക്ഷണം ചികിത്സ വിദ്യാഭ്യാസം തൊഴിൽ
print edition ജനക്ഷേമവും വികസനവും ഉറപ്പാക്കി എൽഡിഎഫ് പ്രകടനപത്രിക

തിരുവനന്തപുരം
സാമ്പത്തിക വളർച്ചയോടൊപ്പം ജനക്ഷേമവും അടിസ്ഥാന ആവശ്യങ്ങളും ഉറപ്പാക്കുന്ന പദ്ധതികളാണ് തദ്ദേശതെരഞ്ഞെടുപ്പിനായി എൽഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രിക മുന്നോട്ടുവയ്‌ക്കുന്നത്. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരുമുന്നണി സമഗ്രകാഴ്‌ചപ്പാടോടെ മാനിഫെസ്റ്റോയുമായി തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കേവല ദാരിദ്ര്യം തുടച്ചുനീക്കുന്നതുമുതൽ സീറോ കാർബൺവരെയുള്ള കാര്യങ്ങൾ 69 ഭാഗങ്ങളിലായി അവതരിപ്പിക്കുന്നു.
എല്ലാവർക്കും വീടും ഭക്ഷണവും ഉറപ്പാക്കും. വിജ്ഞാനകേരളവുമായി ചേർന്ന് അഞ്ചുവർഷത്തിനകം കുടുംബശ്രീയിലൂടെ 20 ലക്ഷം പേർക്ക് തൊഴിൽ ലക്ഷ്യമിടുന്നു. 2030ഓടെ കേരളത്തിന്റെ ജനസംഖ്യയിൽ 20 ശതമാനമാകുന്ന വയോജനങ്ങൾക്കുമുണ്ട് കരുതലോടെയുള്ള പദ്ധതികൾ.
തദ്ദേശസ്ഥാപനങ്ങളിൽ മിനിവ്യവസായപാർക്കുകളും വീടുകളിൽ സംരംഭക പദ്ധതികളും പ്രോത്സാഹിപ്പിക്കും. ഒരുപഞ്ചായത്തിൽ ഒരുൽപ്പന്നം എന്നതിന് വ്യവസായ വകുപ്പ് ശ്രദ്ധനൽകും.കാർഷികമേഖലയിൽ നൂതന കാർഷികരീതികൾ നടപ്പാക്കും. വന്യജീവി സംഘർഷം കുറയ്ക്കാനുള്ള നടപടികൾ ശക്തമാക്കും.
ശുചിത്വം, മാലിന്യനിർമാർജനം എന്നിവയിൽ കൂടുതൽ മുന്നേറാനുള്ള പദ്ധതികളും വിഭാവനം ചെയ്യുന്നു. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ക്ഷേമത്തിനും തീരസംരക്ഷണത്തിനും മുൻഗണന തുടരും. തദ്ദേശസ്ഥാപനങ്ങൾക്ക് വിവിധമേഖലകളിൽ പദ്ധതികൾ ആവിഷ്‌കരിക്കാനുള്ള സഹായവും ധനലഭ്യതയും ഉറപ്പുവരുത്തും.
ഉറപ്പാണ് വീട്
ലൈഫ് പദ്ധതി ഗുണഭോക്‌താക്കളുടെ പട്ടികയിൽ ഉൾപ്പെടാത്ത ഭവനരഹിതരുണ്ടെങ്കിൽ അർഹതപ്പെട്ടവർക്കെല്ലാം അഞ്ച് വർഷത്തിനകം വീട് നൽകും. 5.29 ലക്ഷം വീടുകളെന്ന ലൈഫ് മിഷൻ ലക്ഷ്യം 2025–-26-ൽ മറികടക്കും. നിലവിൽ 4.71 ലക്ഷം വീടുകൾ നിർമിച്ചു. 1.27 ലക്ഷം വീടുകൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. തീരദേശത്തെ പുനർഗേഹം പദ്ധതി പൂർത്തീകരിക്കും.
അപകടകരമായ മേഖലകളിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കും. റോഡ് പുറമ്പോക്കുകളിൽ ഉൾപ്പെടെ താമസിക്കുന്നവരെ മറ്റിടങ്ങളിൽ പട്ടയം നൽകി പുനരധിവസിപ്പിക്കും.

മികച്ച ചികിത്സ
സംസ്ഥാനത്തെ മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും രണ്ട് നേരവും ഒപിയുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളായി പരിവർത്തനംചെയ്യും. നിലവിൽ 80 ശതമാനത്തെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. ഇതിൽ 17 ശതമാനത്തിന് നാഷണൽ ക്വാളിറ്റി അക്രെഡിറ്റേഷൻ ലഭിച്ചു. ഇക്കാര്യത്തിൽ രാജ്യത്ത് ഒന്നാമതാണ് കേരളം. മുഴുവൻ കുടുംബാരോഗ്യ കേന്ദ്രങ്ങളും അഞ്ച് വർഷത്തിനുള്ളിൽ ദേശീയ അംഗീകാരം നേടും. പൊതുആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ വിപുലപ്പെടുത്തും.
ജീവിതശൈലീ രോഗമുള്ള വയോജനങ്ങൾക്ക് സൗജന്യ മരുന്ന്
വയോജനങ്ങൾക്ക് മെഡിക്കൽ പരിശോധനയുടെ അടിസ്ഥാനത്തിൽ ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ സൗജന്യമായി നൽകും. വ്യായാമത്തിന് സൗകര്യങ്ങൾ സൃഷ്ടിക്കും. മാനസിക സമ്മർദം കുറയ്ക്കാൻ സാമൂഹ്യ ചുമതലകളിൽ അവരെ പങ്കാളികളാക്കും. വിനോദത്തിനും വിശ്രമത്തിനും വയോ ക്ലബ്ബുകളും തണലിടങ്ങളും ഒരുക്കും. പൊതുകെട്ടിടങ്ങളും വീടുകളും വയോജന സൗഹൃദമാക്കും. അഞ്ച് വർഷംകൊണ്ട് ഈ പരിവർത്തനത്തിന് സംസ്ഥാനം സാക്ഷ്യംവഹിക്കും. മുതിർന്ന പൗരന്മാരുടെ അനുഭവസമ്പത്ത് പ്രാദേശിക വികസനത്തിന് ഉപയോഗപ്പെടുത്താൻ "ന്യൂ ഇന്നിങ്സ്’ പോലുള്ള സംരംഭകത്വ വികസന പരിപാടികൾ ആവിഷ്കരിക്കും.

കിടപ്പുരോഗികൾക്ക് പാലിയേറ്റീവ് സേവനം
കിടപ്പു രോഗികൾക്കെല്ലാം മുടക്കമില്ലാതെ വൈദ്യപരിശോധനയും മരുന്നും പാലിയേറ്റീവ് സേവനങ്ങളും ലഭ്യമാക്കും. ഭക്ഷണവും സൗജന്യ ആംബുലൻസ് സേവനവും നൽകും. പെയ്‌ഡ് കെയർഗിവർമാരുടെ സേവനങ്ങളും ലഭ്യമാക്കും. ഇവയെല്ലാം കിടപ്പുരോഗികളുടെ അവകാശങ്ങളായി അംഗീകരിക്കും.
20 ലക്ഷം സ്‌ത്രീകൾക്ക് തൊഴിൽ
കുടുംബശ്രീയും വിജ്ഞാനകേരളവുമായി ചേർന്ന് ഇതിനകം രണ്ട് ലക്ഷത്തോളം പ്രാദേശിക തൊഴിലവസരങ്ങൾ കണ്ടെത്തി. 30,000 പേർക്ക് നിയമനം നൽകി. ഇൗ സാമ്പത്തിക വർഷം അവസാനിക്കുംമുമ്പ് മൂന്ന് ലക്ഷമാകും. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ച് വർഷംകൊണ്ട് 20 ലക്ഷം സ്‌ത്രീകൾക്ക് തൊഴിൽ നൽകും. ശരാശരി 10,000 രൂപ പ്രതിമാസ വരുമാനം കണക്കാക്കിയാൽപ്പോലും 24,000 കോടി രൂപ ഇതുവഴി സാധാരണക്കാരുടെ വീടുകളിലെത്തും. അഭ്യസ്‌തവിദ്യരായ യുവതി – യുവാക്കൾക്ക് തൊഴിൽ നൽകാൻ ബൃഹത്തായ പരിപാടിയും വിജ്ഞാന കേരളം വഴി ആവിഷ്കരിക്കും.

കൂടുതൽ മികവിൽ വിദ്യാഭ്യാസം
നിതി ആയോഗിന്റെ വിദ്യാഭ്യാസ സൂചികകളിൽ ഒന്നാമതുള്ള കേരളത്തെ ദേശീയ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്‌സിലും അഞ്ചുവർഷംകൊണ്ട് ഒന്നാമതാക്കും. വിദ്യാഭ്യാസ നിലവാരം കൂടുതൽ ഉയർത്തുന്നതിനുള്ള നടപടികൾക്ക് ഊന്നൽ നൽകും. തദ്ദേശ സ്ഥാപനങ്ങളുടെയും പിടിഎകളുടെയും പിന്തുണയോടെ വിപുലമായ പഠനപിന്തുണാ പ്രസ്ഥാനം സൃഷ്ടിക്കും.
എല്ലാ തദ്ദേശസ്ഥാപനങ്ങളിലും മിനി വ്യവസായ പാർക്ക്
എല്ലാ തദ്ദേശസ്ഥാപനങ്ങളിലും മിനി വ്യവസായ പാർക്കാരംഭിക്കും. എന്റർപ്രണർഷിപ്പ് ആൻഡ് എംപ്ലോയ്‌മെന്റ് ഹെൽപ്പ് ഡെസ്‌ക് കാര്യക്ഷമമാക്കും. വീടുകളിൽ സംരംഭകത്വത്തിന് ലൈസൻസ് നൽകാനുള്ള ചട്ട ഭേദഗതി ഉപയോഗിച്ച് സമഗ്രമായ പദ്ധതി ആവിഷ്‌കരിക്കും.
തദ്ദേശ സ്ഥാപനങ്ങളിൽ വർക്ക് നിയർ ഹോം സൗകര്യം ഏർപ്പെടുത്തും. പട്ടികജാതി, വർഗ സങ്കേതങ്ങളിൽ പ്രത്യേക ശ്രദ്ധനൽകും. ഒരു ലക്ഷം സംരംഭങ്ങൾ ഒരു കോടി വിറ്റുവരവുള്ളതാക്കാൻ ആവശ്യമായ പിന്തുണ നൽകും. നിലവിലുള്ളവയ്‌ക്കാവശ്യമായ സാമ്പത്തിക സഹായം നൽകും. പുതിയതിന് പ്രത്യേക പ്രോത്സാഹന പദ്ധതികൾ ആവിഷ്‌കരിക്കും. കാർഷികോല്പന്നങ്ങളുടെ സംസ്‌കരണ യൂണിറ്റുകൾ, ഹോംസ്‌റ്റേ അടക്കമുള്ള ടൂറിസം സംരംഭങ്ങൾ, ചെറുകിട നിർമാണ യൂണിറ്റുകൾ തുടങ്ങിയവയ്‌ക്ക് പ്രാദേശിക പ്ലാനുകൾ തയ്യാറാക്കും. നൈപുണി പരിശീലനം നൽകി തൊഴിൽ സേനയെ ഉറപ്പുവരുത്തും. പബ്ലിക് വൈഫൈ സോണുകൾ സ്ഥാപിക്കും.

തീരദേശത്ത് സമ്പൂർണ പാർപ്പിടം
സമുദ്രതീരത്തിന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരിൽ മാറാൻ താൽപര്യമുള്ള മുഴുവനാളുകൾക്കും പുനർഗേഹം പദ്ധതിയിൽ പുനരധിവാസം ഉറപ്പുവരുത്തും. മീൻപിടിത്ത നിരോധനം ഏർപ്പെടുത്തുന്ന ദിവസങ്ങളിലെല്ലാം മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം നൽകും. ഇവിടത്തെ വിദ്യാർഥികൾക്ക് പട്ടികജാതി വിദ്യാർഥികൾക്കുള്ള ആനുകൂല്യങ്ങൾ ഉറപ്പാക്കും. ഫിഷറീസ് വകുപ്പിനുകീഴിലുള്ള സ്‌കൂളുകൾ നവീകരിക്കും. തെരഞ്ഞെടുത്തവയെ അന്തർദേശീയ നിലവാരത്തിലേക്കുയർത്തും. ശുചിത്വസാഗരം സുന്ദരതീരം പദ്ധതി പൂർത്തീകരിക്കും. തൊഴിൽതീര പദ്ധതിയിൽപ്പെടുത്തി ഒരു വീട്ടിൽ ഒരു തൊഴിൽ ഉറപ്പാക്കും. ഇൻഷുറൻസ് തുക വർധിപ്പിക്കും. അപകടമരണങ്ങൾ ഇൻഷുറൻസ് പരിധിയിലാക്കും.
എല്ലാ വാർഡിലും പച്ചത്തുരുത്ത്
എല്ലായിടത്തും മലിനജല സംസ്കരണസംവിധാനം ഉറപ്പാക്കും. കുളങ്ങൾ, കായലുകൾ, നദികൾ എന്നിവിടങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ജനകീയ ക്യാമ്പയിൻ നടത്തും. കടലിലെ പ്ലാസ്റ്റിക് നീക്കം ചെയ്യുന്നതിന് മത്സ്യത്തൊഴിലാളികളെ പങ്കാളികളാക്കും. ഹരിതചട്ടം സാർവത്രികമാക്കും. ഹരിതകർമ സേനയുടെ വരുമാന വർധനയ്ക്കുള്ള നടപടി സ്വീകരിക്കും. പൊതുയിടങ്ങളിലെ ദൃശ്യഭംഗിക്ക് തദ്ദേശസ്ഥാപനങ്ങൾ മുൻകൈയെടുക്കും. റോഡ് ഓഫ് സെറ്റുകൾ, പാർക്കുകൾ, ഗ്രീൻ നടപ്പാതകൾ എന്നിവ വികസിപ്പിക്കും. എല്ലാവാർഡിലും പച്ചത്തുരുത്തുകൾ സൃഷ്ടിക്കും. വിദ്യാർഥികൾക്ക് ഒരുപഞ്ചായത്തിൽ 50 പേർക്കും മുനിസിപ്പാലിറ്റിയിൽ 75 പേർക്കും കോർപറേഷനിൽ 100 പേർക്കും സ്കോളർഷിപ്പ് നൽകും. ഇവർ ശുചിത്വ അംബാസിഡർമാരാവും.
പൊതു അടുക്കളകളെ പ്രോത്സാഹിപ്പിക്കും
സമ്പൂർണ പോഷകാഹാര സംസ്ഥാനമാക്കുന്നതിന് അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര സമൃദ്ധ ഭക്ഷണം ഉറപ്പാക്കും. കൊച്ചി കോർപറേഷൻ തുടങ്ങിയ ‘സമൃദ്ധി’യുടെ മാതൃകയിൽ കൂടുതൽ ജനകീയ ഭക്ഷണശാലകൾ ആരംഭിക്കും. പൊതു അടുക്കളകൾ പ്രോത്സാഹിപ്പിക്കും. ജനകീയ ഹോട്ടലുകൾ വിപുലപ്പെടുത്തും. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തും.
പഞ്ചായത്ത് സ്‌പോർട്‌സ് കൗൺസിൽ
തദ്ദേശ സ്ഥാപനങ്ങളിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ കളിക്കളം ഉറപ്പുവരുത്തും. സ്‌കൂൾ കോംപ്ലക്‌സുകൾക്കും രൂപംനൽകും. പഞ്ചായത്ത് തലത്തിൽ സ്പോർട്‌സ് കൗൺസിലുകൾ രൂപീകരിക്കും. പൊതുവ്യായാമ സൗകര്യങ്ങൾ ഓപ്പൺ ജിം മാതൃകയിൽ സ്ഥാപിക്കും.
ജെൻ–സിക്ക് പൊതു ഇടങ്ങൾ
ഗ്രാമങ്ങളിലെ ടൂറിസം ഡെസ്റ്റിനേഷൻ സെന്ററുകൾ ശക്തിപ്പെടുത്താൻ ഡെസ്റ്റിനേഷൻ ചലഞ്ച് സ്‌കീം നടപ്പാക്കും. പാലങ്ങൾക്കടിയിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളടക്കം പുനർരൂപകൽപ്പനയിലൂടെ സുന്ദരമായ പൊതുയിടങ്ങളാക്കി മാറ്റും. മാനവീയം തെരുവുകൾപോലുള്ളവ ജെൻ–സി വിഭാഗത്തിനുവേണ്ടി സജ്ജീകരിക്കും.









0 comments