print edition ഇതാ നോർവെ ; ഇറ്റലിയെ 4–1ന് തകർത്തു , യോഗ്യത 
28 വർഷത്തിനുശേഷം

Norway qualified FIFA World Cup after 28 years

ഇറ്റലിയെ തോൽപ്പിച്ച് ലോകകപ്പ് ഫുട്ബോൾ യോഗ്യത നേടിയ നോർവേ താരങ്ങൾ പരിശീലകൻ സ്റ്റെയ്ൽ സോൾബാക്കനെ എടുത്തുയർത്തുന്നു

avatar
Sports Desk

Published on Nov 18, 2025, 04:58 AM | 1 min read


റോം

ഇരുപത്തെട്ട്‌ വർഷത്തെ കാത്തിരിപ്പിന്‌ വിരാമം. നാല്‌ തവണ ചാന്പ്യൻമാരായ ഇറ്റലിയെ തകർത്ത്‌ നോർവേ ലോകകപ്പ്‌ ഫുട്‌ബോളിന്‌ യോഗ്യത നേടി. എർലിങ്‌ ഹാലണ്ടും മാർടിൻ ഒദെഗാർദും ഉൾപ്പെട്ട നോർവേ പട 4–1ന്റെ ജയവുമായാണ്‌ കുതിച്ചത്‌. യോഗ്യതാ റ‍ൗണ്ടിൽ ഒറ്റക്കളിയും തോറ്റില്ല. രണ്ടാംസ്ഥാനക്കാരായ ഇറ്റലി പ്ലേ ഓ-ഫിലേക്ക്‌ വീണു.


കഴിഞ്ഞ മത്സരത്തിൽ എസ്‌റ്റോണിയയോട്‌ ജയിച്ചപ്പോൾതന്നെ നോർവേ ഉറപ്പാക്കിയതാണ്‌. ഇറ്റലിയോട്‌ ഒന്പത്‌ ഗോൾ മാർജിനിൽ തോൽവി വഴങ്ങാതിരുന്നാൽ മാത്രം മതിയായിരുന്നു. ഇറ്റാലിയൻ തട്ടകത്തിൽ നോർവേയ്‌ക്ക്‌ തുടക്കം അത്ര മികച്ചതായില്ല.


പിയോ എസ്‌പോസിറ്റോ ആദ്യഘട്ടത്തിൽ ഇറ്റലിക്ക്‌ ലീഡ്‌ നൽകി. പക്ഷേ, രണ്ടാംപകുതിയിൽ ഇരന്പിയാർത്തെത്തിയ നോർവെ തകർത്തുകളഞ്ഞു. രണ്ട്‌ മിനിറ്റിനിടെ രണ്ട്‌ ഗോൾ തൊടുത്ത ഹാലണ്ട്‌ നയിച്ചു. അന്റോണിയോ നുസയും യോർഗൻ സ്‌ട്രാൻഡ്‌ ലാർസെനും പട്ടിക പൂർത്തിയാക്കി.


1998ലാണ്‌ നോർവേ അവസാനമായി ലോകകപ്പ്‌ കളിച്ചത്‌. ഹാലണ്ടിന്റെ അച്ഛൻ ആൽഫി ഇൻഗെ ഹാലണ്ട്‌ 1994ൽ ലോകകപ്പ്‌ കളിച്ചിരുന്നു. 1998ൽ കരുത്തരായ ബ്രസീലിനെ കീഴടക്കിയ നോർവേ പ്രീ ക്വാർട്ടറിൽ ഇറ്റലിയോട്‌ തോറ്റ്‌ പുറത്താകുകയായിരുന്നു. ശേഷം ഒരിക്കൽപ്പോലും ലോകകപ്പ്‌ കളിക്കാനായില്ല. ഇക്കുറി ഹാലണ്ടും സംഘവും ചരിത്രം കുറിച്ചു.


യോഗ്യതാ റ‍ൗണ്ടിൽ എട്ട്‌ കളിയും ജയിച്ച ടീം 37 ഗോൾ അടിച്ചുകൂട്ടി. വഴങ്ങിയത്‌ അഞ്ചെണ്ണം മാത്രം. ഹാലണ്ട്‌, ഒദെഗാർദ്‌ എന്നിവർക്ക്‌ പുറമെ യൂറോപ്പിലെ വന്പൻ ടീമുകളിൽ കളിക്കുന്ന നിരവധി കളിക്കാർ നോർവേ നിരയിലുണ്ട്‌. ഓസ്‌കാർ ബോബ്‌ (മാഞ്ചസ്‌റ്റർ സിറ്റി),‍ ക്രിസ്‌റ്റഫർ അയെർ (ബ്രെന്റ്‌ഫോർഡ്‌)‍, നുസ (ലെയ്‌പ്‌സിഗ്‌), അലെക്‌സാണ്ടർ സൊർലോത്‌ (അത്‌ലറ്റികോ മാഡ്രിഡ്‌) എന്നിങ്ങനെ നീളുന്ന നിര ലോകകപ്പിൽ അത്ഭുതം കാട്ടാനുള്ള ഒരുക്കത്തിലാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Home