print edition ചിലി രണ്ടാംവട്ട വോട്ടെടുപ്പിലേക്ക് ; ചിലി കമ്യൂണിസ്‌റ്റ് പാർടി നേതാവ് ജെനറ്റ് ജാര മുന്നിൽ

സാന്റിയാഗോ
ആര്‍ക്കും 50 ശതമാനം വോട്ട് ലഭിക്കാത്തതിനാല്‍ ചിലിയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാംവട്ട വോട്ടെടുപ്പിലേക്ക്. ആദ്യവട്ട വോട്ടെടുപ്പിൽ ചിലി കമ്യൂണിസ്‌റ്റ് പാർടി നേതാവും മുൻ തൊഴിൽമന്ത്രിയുമായ ജെനറ്റ് ജാര മുന്നിലെത്തി. തീവ്രവലത് കക്ഷിയായ റിപ്പബ്ലിക്കൻ പാർടിയുടെ നേതാവ് ഹൊസെ അന്റോണിയോ കാസ്റ്റാണ് രണ്ടാമത്. ഡിസംബർ 14ന് രണ്ടാംവട്ട തെരഞ്ഞെടുപ്പിൽ ജെനറ്റ് ജാരയും ഹൊസെ അന്റോണിയോ കാസ്റ്റും ഏറ്റുമുട്ടും.
എട്ട് സ്ഥാനാർഥികളാണ് ആദ്യഘട്ടത്തില്‍ മത്സരിച്ചത്. 99 ശതമാനം വോട്ടും എണ്ണിക്കഴിഞ്ഞപ്പോൾ ജെനറ്റ് ജാരയ്‌ക്ക് 26.08 ശതമാനം വോട്ടും ഹൊസെ അന്റോണിയോ കാസ്റ്റിന് 23.9 ശതമാനം വോട്ടുമാണ് ലഭിച്ചത്. വലതുപക്ഷ നേതാവായ ഫ്രാങ്കോ പരിസിക്ക് 19.7 ശതമാനവും വലതുനേതാവ് ജോഹന്നാസ് കൈസറും 13.9 ശതമാനവും ഇൻഡിപെൻഡന്റ് ഡെമോക്രാറ്റിക് യൂണിയൻ നേതാവ് എവ്‌ലിൻ മത്തേയ്‌ക്ക് 12.4 ശതമാനം വോട്ടും ലഭിച്ചു.
2021ലെ ആദ്യവട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റായ ഗബ്രിയേൽ ബോറികിന് 25.75 ശതമാനവും എതിരാളിയായ ഹൊസെ അന്റോണിയോ കാസ്റ്റിന് 27.94 ശതമാനം വോട്ടുമാണ് ലഭിച്ചത്. എന്നാൽ രണ്ടാം വട്ടത്തിൽ 56 ശതമാനം വോട്ടുനേടിയാണ് ഇടതുപക്ഷ സ്ഥാനാർഥി ബോറിക് വിജയക്കൊടി പാറിച്ചത്.മിനിമം വേതനം വേതനം ഉയർത്തും, സമൂഹിക സുരക്ഷാ പെൻഷൻ ഏർപ്പെടുത്തും വൈദ്യുതി ബിൽ നിരക്ക് കുറയ്‌ക്കും, എല്ലാവർക്കും വീട് ഉറപ്പാക്കും തുടങ്ങിയ ജനകീയ വിഷയങ്ങൾ ഉയർത്തിയാണ് ജെനറ്റ് ജാര തെരഞ്ഞെടുപ്പിനെ നേരിട്ടത്.








0 comments