പലസ്‌തീനെ അംഗീകരിക്കാത്ത സമാധാനപദ്ധതിയ്ക്ക് യു എൻ പിന്തുണ; തള്ളി ഹമാസ്

വാഷിങ്‌ടൺ: പലസ്‌തീനെ അംഗീകരിക്കാത്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാനപദ്ധതി അംഗീകരിച്ച് ഐക്യരാഷ്ട്രസഭ രക്ഷാസമിതി. ബ്രിട്ടൻ, ഫ്രാൻസ് ഉൾപ്പെടെ 13 രാജ്യങ്ങൾ നിർദ്ദേശത്തെ പിന്തുണച്ചു. റഷ്യയും ചൈനയും വിട്ടുനിന്നു. ഗാസയിൽ ഇന്റർനാഷണൽ സ്റ്റെബിലൈസേഷൻ ഫോഴ്‌സിനെ (ഐഎസ്എഫ്) വിന്യസിക്കുന്നതാണ് പദ്ധതി. ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നാണെന്ന് ട്രംപ് പ്രതികരിച്ചു. പ്രമേയത്തെ ഹമാസ് തള്ളി. പാലസ്തീനികളുടെ അവകാശങ്ങൾ നിറവേറ്റുന്നതിൽ പ്രമേയം പരാജയപ്പെട്ടെന്ന് ഹമാസ് പറഞ്ഞു.
അതേസമയം പലസ്‌തീൻ രാജ്യത്തെപ്പറ്റി പരാമർശിക്കാതെയുള്ള അമേരിക്കയുടെ ഗാസ സമാധാനപദ്ധതി തികച്ചും ഏകപക്ഷീയവും ഇസ്രയേലിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ളതാണെന്നും വിമർശനമുയർന്നിരുന്നു. ഗാസയിലെ ജനങ്ങൾ തെരഞ്ഞെടുത്ത ഹമാസിനെ പൂർണമായും ഇല്ലായ്‌മ ചെയ്യണമെന്ന് പറയുന്ന നിർദേശം ജനാധിപത്യവിരുദ്ധമാണെന്നും അഭിപ്രായമുണ്ട്. ഗാസയുടെ പുനർവികസനം പുരോഗമിക്കുകയും പലസ്‌തീൻ അതോറിറ്റിയുടെ പരിഷ്‌കരണ പരിപാടി നടപ്പാക്കുകയും ചെയ്‌താൽ രാഷ്‌ട്ര സങ്കൽപ്പത്തിലേക്ക് കാര്യങ്ങൾ പരിണമിച്ചേക്കാം എന്നുമാത്രമാണ് പറയുന്നത്.
ഗാസയിൽ ഇതുവരെ 66,055 പേരെ ഇസ്രയേൽ കൊലപ്പെടുത്തിയിട്ടും പലസ്‌തീനെ രാഷ്‌ട്രമെന്ന നിലയിൽ അംഗീകരിക്കാത്ത ട്രംപ്–നെതന്യാഹു കരാറിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.








0 comments