ശ്രീകോവിൽ കട്ടിളപ്പടിയിലെയടക്കം സാമ്പിൾ ശേഖരിച്ചു; പരിശോധന പൂർത്തിയായി

SABARIMALA

ശബരിമല സന്നിധാനത്ത്‌ ശ്രീകോവിലിലെ പാളികൾ പരിശോധനക്കായി എസ്ഐടിയുടെ നേതൃത്വത്തിൽ അഴിച്ചെടുക്കുന്നു

വെബ് ഡെസ്ക്

Published on Nov 18, 2025, 06:56 AM | 1 min read

ശബരിമല: ദ്വാരപാലക ശിൽപ്പപാളികളിലെയും ശ്രീകോവിൽ കട്ടിളപ്പാളികളിലെയും സ്വർണം അപഹരിച്ച കേസിൽ സന്നിധാനത്ത് പ്രത്യേക അന്വേഷകസംഘത്തിന്റെ പരിശോധന പൂർത്തിയായി. കട്ടിളപ്പാളി, ദ്വാരപാലകപീഠങ്ങൾ, ശ്രീകോവിലിന്റെ നാലുവശത്തെയും കൽത്തൂണുകളിലെ പാളികൾ എന്നിവയിൽനിന്നുമാണ് സാമ്പിൾ ശേഖരിച്ചത്.


2019ൽ ഇവിടെനിന്ന് സ്വർണം പൊതിഞ്ഞ് നവീകരിക്കാൻ കൊണ്ടുപോയ ദ്വാരപാലക ശിൽപ്പപാളികളിലെയും കട്ടിളപ്പടിയിലെ പാളികളിലെയും അതിനുമുമ്പ് ഇവിടെ സ്ഥാപിച്ച ശ്രീകോവിൽ തൂണുകളിലെ പാളികളിലെയും സ്വർണവും ചെമ്പും ഒത്തുനോക്കുന്ന ശാസ്ത്രീയ പരിശോധനയാവും പ്രധാനമായുമുണ്ടാകുക. ഇവ ഒരേസമയം സ്ഥാപിച്ചതാണ്. നഷ്ടപ്പെട്ട സ്വർണം പാളികളിൽനിന്ന് വേർതിരിച്ചെടുത്തതാണോ അതോ ശിൽപ്പപാളികൾ പൂർണമായി മാറ്റിയോയെന്ന് സംശയങ്ങൾ ദൂരീകരിക്കുകയാണ് എസ്ഐടി ലക്ഷ്യം. തിങ്കളാഴ്ച ഉച്ചപൂജയ്ക്ക് നടയടച്ച സമയത്ത് ഇവയെല്ലാം ഇളക്കിയെടുത്തായിരുന്നു പരിശോധന.


അളവ്, തൂക്കം, ഗുണനിലവാരം എന്നിവ സംബന്ധിച്ച പ്രാഥമിക പരിശോധനയ്ക്ക് ഇവ സന്നിധാനത്തെ തന്ത്രിമഠത്തിന്‌ സമീപത്തെ മുറിയിലെത്തിച്ചു. വൈകിട്ടോടെ പരിശോധന പൂർത്തിയായി. രാത്രി നടയടച്ചശേഷം പാളികളും പീഠവും പുന:സ്ഥാപിക്കും. ദേവസ്വം തിരുവാഭരണം കമീഷണർ നിയോഗിച്ച സ്മിത്തിനെ കൂടാതെ ഫോറൻസിക് സയൻസ് ലാബ്, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരടങ്ങിയ സംഘവും രണ്ടു മണിക്കൂർ നീണ്ട പരിശോധനയ്ക്ക് നേതൃത്വം നൽകി. ശേഖരിച്ച സാമ്പിൾ കാക്കനാട്ടെ മുഖ്യലാബിലാകും പരിശോധനയ്ക്ക് അയയ്ക്കുക. എസ്ഐടി സംഘത്തലവൻ എസ്‌പി എസ് ശശിധരൻ, സിഐ ആർ ബിജു, ദേവസ്വം സെപ്ഷ്യൽ കമീഷണറും കൊട്ടാരക്കര സെപ്ഷ്യൽ ജഡ്ജിയുമായ ആർ ജയകൃഷ്ണൻ എന്നിവർ ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിർദേശപ്രകാരമുള്ള പരിശോധനയ്ക്ക് മേൽനോട്ടം നൽകി. ഹൈക്കോടതി നിയോഗിച്ച അമിക്കസ്‌ ക്യൂറി ജസ്‌റ്റിസ്‌ കെ ടി ശങ്കരന്റെ മൂന്നുദിവസം നീണ്ട സന്നിധാനത്തെ പരിശോധനയും തിങ്കളാഴ്‌ച പൂർത്തിയായി.




deshabhimani section

Related News

View More
0 comments
Sort by

Home