19കാരന്റെ കൊലപാതകത്തിലെത്തിച്ചത് ഫുട്ബോള്‍ മത്സരത്തിനിടയിലെ തര്‍ക്കം

തിരുവനന്തപുരം: ഫുട്ബോള്‍ മത്സരത്തിനിടയിലെ തര്‍ക്കത്തിന്റെ തുടര്‍ച്ചയായ സംഘര്‍ഷമാണ് പത്തൊമ്പതുകാരന്റെ കൊലപാതകത്തിലെത്തിച്ചത്. നെട്ടയം സ്വദേശിയും ഇപ്പോൾ രാജാജി നഗറിർ തോപ്പിൽ ഡി 47 വീട്ടിൽ താമസിക്കുന്ന അലൻ (19 ) ആണ് മരിച്ചത്. സംഭവത്തിൽ മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിലൊരാളാണ് കുത്തിയതെന്നാണ് സൂചന.
തിങ്കൾ വൈകിട്ട് തൈക്കാട് ശാസ്താ ക്ഷേത്രത്തിനുസമീപത്താണ് സംഭവം. തൈക്കാട് ബിഎഡ് കോളേജ് ഗ്രൗണ്ടിൽ പ്രദേശത്തെ യുവാക്കളും കുട്ടികളും ഫുട്ബോൾ കളിക്കാറുണ്ട്. ഒരു മാസം മുമ്പ് ഇവിടെ കളിച്ചിരുന്ന രണ്ട് ടീമുകൾ തമ്മിൽ തർക്കമുണ്ടായി. ഇതിന്റെ പേരിൽ ഇരുവിഭാഗവും തമ്മിൽ അടിപിടിയുണ്ടാകുകയും ചില ക്രിമിനലുകൾ ഇതിൽ ഉൾപ്പെടുകയും ചെയ്തു. ഒടുവിൽ തർക്കം പരിഹരിക്കാനെന്ന പേരിൽ ഇരുവിഭാഗവും തൈക്കാടുവച്ച് ഒത്തുകൂടുകയായിരുന്നെന്നാണ് വിവരം. അതനുസരിച്ചാണ് സംഘത്തിനൊപ്പം അലൻ എത്തിയത്. പ്രശ്നം പറഞ്ഞ് തീർക്കുന്നതിനിടെ ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. ഇതിനിടയിൽ കത്തികൊണ്ട് അലന്റെ നെഞ്ചിൽ കുത്തുകയായിരുന്നു.
അലൻ നിലവിളിയോടെ മറിഞ്ഞുവീഴുന്നതുകണ്ട് ഒപ്പമുണ്ടായിരുന്നവർ താങ്ങിയെടുത്തപ്പോഴാണ് നെഞ്ചിൽനിന്ന് രക്തം വരുന്നതു കണ്ടത്. ഇതിനിടെ കുത്തിയയാളും കൂടി നിന്നവരുമെല്ലാം ഓടിരക്ഷപ്പെട്ടു. അലന്റെ സുഹൃത്തുക്കൾ രണ്ടുപേർ ചേർന്ന് ബൈക്കിലിരുത്തി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കത്തി മുകളിലേക്ക് ചരിച്ചു പിടിച്ചുള്ള കുത്തേറ്റ് ഹൃദയധമനി മുറിഞ്ഞാണ് മരണം സംഭിച്ചതെന്നാണ് വിവരം. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അമ്മ; മഞ്ജുള. സഹോദരി ആൻഡ്രിയ ഒരു വർഷം മുമ്പാണ് മരിച്ചത്.
അക്രമി സംഘത്തിൽ ഉണ്ടായിരുന്നത് ആറുപേർ
അലനെ കുത്തുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് അക്രമികൾ കത്തിയുമായി എത്തിയതെന്നാണ് പ്രാഥമിക നിഗമനം. ചെറിയ കത്തികൊണ്ട് നെഞ്ചിൽ ആഴത്തിലാണ് മുറിവേറ്റത്. അതിശക്തിയായി കുത്തിയാലേ ഇത്തരത്തിൽ കൊലപ്പെടുത്താനാകൂ. അക്രമി സംഘത്തിൽ ഉണ്ടായിരുന്നത് ആറുപേരാണെന്നാണ് വിവരം. മറ്റുള്ളവർക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും പരിശോധിക്കുന്നുണ്ട്.









0 comments