ഫ്രഷ്‌കട്ടിനെതിരെ സമര രംഗത്തുള്ളവരെ യുഡിഎഫ് സ്ഥാനാർഥി ലിസ്റ്റിൽനിന്ന് വെട്ടി; ആരോപണവുമായി കോൺഗ്രസ് നേതാവ്

താമരശേരി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള യുഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ ഫ്രഷ് കട്ട് മാലിന്യ സംസ്കരണ കമ്പനി ഇടപെട്ടെന്ന ആരോപണവുമായി കോൺഗ്രസ് താമരശേരി ബ്ലോക്ക് ജനറൽ സെക്രട്ടറി വി കെ എ കബീർ. സമരത്തിൽ പങ്കെടുത്ത നേതാക്കളെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് തടഞ്ഞതിൽ കമ്പനി മുൻ ഡയറക്ടറായ കെപിസിസി അംഗം പി സി ഹബീബ് തമ്പിക്ക് പങ്കുണ്ടെന്നും കബീർ ആരോപിച്ചു.
ഫ്രഷ് കട്ടിന് എതിരെ സമര രംഗത്തുള്ള നേതാക്കളെ സ്ഥാനാർഥി പട്ടികയിൽനിന്ന് വെട്ടിമാറ്റി കമ്പനിക്ക് അനുകൂല നിലപാട് സ്വീകരിക്കാനുള്ള സാഹചര്യം ഒരുക്കാനാണ് നീക്കമെന്ന് സമൂഹമാധ്യമത്തിലൂടെയാണ് കബീർ വ്യക്തമാക്കിയത്. കട്ടിപ്പാറ, താമരശേരി പഞ്ചായത്തിലെ രണ്ട് മുൻ പ്രസിഡന്റുമാർ, ഫ്രഷ് കട്ടിനെതിരെ നിലപാടെടുത്ത വനിതാ നേതാക്കൾ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ എന്നിവരെയെല്ലാം പട്ടികയിൽനിന്ന് ഒഴിവാക്കി. ഫ്രഷ് കട്ടിൽ പങ്കാളിയായിരുന്നെന്ന് തുറന്നുപറഞ്ഞ കെപിസിസി അംഗം ഹബീബ് തമ്പി കമ്പനിക്കെതിരായ റാലിയിൽനിന്ന് വിട്ടുനിന്നിരുന്നു. മുസ്ലിംലീഗിലെ സ്ഥിതിയും വ്യത്യസ്തമല്ലെന്ന് കബീർ പറഞ്ഞു. ലീഗ്, കോൺഗ്രസ് ജില്ലാ നേതൃത്വങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഹബീബ് തമ്പി ഇടപെട്ടത്. സ്ഥാനാർഥി നിർണയത്തിലെ തെറ്റുകൾ നേതൃത്വം തിരുത്തണമെന്നും കബീർ സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടു.









0 comments