മൂന്നാം തവണയും പ്ലേ ഓഫിന് , 2018, 2022 ലോകകപ്പുകളിൽ യോഗ്യത കിട്ടിയില്ല
print edition ഇറ്റലി ഇനിയെന്ത് ; തുടർച്ചയായ മൂന്നാം തവണയും ലോകകപ്പ് യോഗ്യത സംശയത്തിൽ

നോർവേക്കെതിരായ മത്സരത്തിനിടെ ഇറ്റാലിയൻ മുന്നേറ്റക്കാരൻ പിയോ എസ്പോസിറ്റോയുടെ നിരാശ

Sports Desk
Published on Nov 18, 2025, 04:52 AM | 2 min read
റോം
ഇറ്റലി വീണ്ടും ദുരന്തമുഖത്ത്. കഴിഞ്ഞ രണ്ട് തവണയും ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടാതെ പുറത്തായ അസൂറികൾക്ക് ഇക്കുറിയും നേരിട്ട് യോഗ്യത കിട്ടിയില്ല. നോർവേയോട് തോറ്റ് രണ്ടാംസ്ഥാനത്തായി. തുടർച്ചയായ മൂന്നാം തവണയും പ്ലേ ഓ-ഫ-് കളിക്കണം. 2014ലാണ് അവസാനമായി ഇറ്റലി ലോകകപ്പ് കളിച്ചത്. അന്ന് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി.
2018ലെ യോഗ്യതാ റൗണ്ടിൽ സ്വീഡനോടും 2022ൽ നോർത്ത് മാസിഡോണിയോടും തോറ്റ് ലോകകപ്പ് കളിക്കാതെ മടങ്ങുകയായിരുന്നു. 48 ടീമുകൾക്ക് യോഗ്യതയുള്ള ഇൗ ലോകകപ്പിലും കളിക്കാനായില്ലെങ്കിൽ ഇറ്റാലിയൻ ഫുട്‌ബോൾ തന്നെ തകർച്ചയിലാകും. പ്ലേ ഓ-ഫ് മത്സരങ്ങൾ മാർച്ചിലാണ് നടക്കുക.
യോഗ്യതാ റൗണ്ടിൽ അഞ്ച് മത്സരങ്ങൾ ജയിച്ചെങ്കിലും നോർവേയോടുള്ള രണ്ട് തോൽവികളാണ് തിരിച്ചടിയായത്. യൂറോപ്യൻ മേഖലയിൽ രണ്ടാംസ്ഥാനക്കാർക്കും നേരിട്ട് യോഗ്യത നൽകാൻ ഫിഫ തയ്യാറാകണമെന്നായിരുന്നു ഇറ്റാലിയൻ പരിശീലകൻ ഗെന്നാരോ ഗെട്ടുസോയുടെ പ്രതികരണം.
ഇക്കുറി യോഗ്യതാ റൗണ്ടിന്റെ തുടക്കംതന്നെ മോശമായിരുന്നു. ആദ്യ കളിയിൽ നോർവേയോട് മൂന്ന് ഗോളിന് തോറ്റു. പിന്നാലെ പരിശീലകൻ ലൂസിയാനോ സ്‌പല്ലേറ്റിയെ പുറത്താക്കി. തുടർന്നാണ് ഗെട്ടുസോയ്‌ക്ക് ചുമതല നൽകിയത്. അഞ്ച് കളിയിൽ 18 ഗോളടിച്ച് കോച്ച് പ്രതീക്ഷ നൽകിയതാണ്. പക്ഷേ, നോർവേയ്‌ക്ക് മുന്നിൽ മറുപടിയുണ്ടായില്ല. 1934, 1938, 1982, 2006 വർഷങ്ങളിലെ ജേതാക്കളാണ് ഇറ്റലി. 2006ലെ ചാന്പ്യൻ ടീമിലെ അംഗമായിരുന്നു ഗെട്ടുസോ.
ഇംഗ്ലണ്ടിനും ഫ്രാൻസിനും ജയം
ലോകകപ്പ് ഫുട്‌ബോൾ യോഗ്യത ഉറപ്പാക്കിയ ഇംഗ്ലണ്ടും ഫ്രാൻസും ജയത്തോടെ അവസാനിപ്പിച്ചു. ഇംഗ്ലണ്ട് ഗ്രൂപ്പ് കെയിലെ അവസാന കളിയിൽ അൽബേനിയയെ രണ്ട് ഗോളിന് തോൽപ്പിച്ചു. ഹാരി കെയ്‌ൻ ഇരട്ടഗോൾ നേടി. അൽബേനിയ രണ്ടാംസ്ഥാനക്കാരായി പ്ലേ ഓഫിൽ കടന്നു. ലാത്വിയയെ തോൽപ്പിച്ചിട്ടും സെർബിയ പുറത്തായി. ഗ്രൂപ്പ് ഡിയിൽ ഫ്രാൻസ് അസെർബയ്‌ജാനെ 3–1ന് കീഴടക്കി. ഐസ്‌ലൻഡിനെ രണ്ട് ഗോളിന് കീഴടക്കി ഉക്രയ്‌ൻ പ്ലേ ഓഫിലെത്തി.
കോംഗോ പ്ലേ ഓഫിന് നൈജീരിയ പുറത്ത്
വന്പൻമാരായ നൈജീരിയയെ മടക്കി കോംഗോ ആ-്രഫിക്കൻ മേഖലയിൽനിന്ന് ലോകകപ്പ് ഫുട്‌ബോൾ പ്ലേ ഓഫ് റൗണ്ടിലേക്ക് മുന്നേറി. ഷൂട്ടൗട്ടിൽ 4–3നായിരുന്നു ജയം. നിശ്‌ചിത സമയത്തും അധിക സമയത്തും കളി 1–1നാണ് അവസാനിച്ചത്. ചാൻസെൽ എംബെംബ നിർണായക കിക്ക് വലയിലെത്തിച്ചാണ് കോംഗോയ്‌ക്ക് ജയമൊരുക്കിയത്. തുടർച്ചയായ രണ്ടാംതവണയാണ് നൈജീരിയക്ക് യോഗ്യത നഷ്ടമാകുന്നത്.
മാർച്ചിലാണ് പ്ലേ ഓഫ്.








0 comments