അനുഭവക്കരുത്തിൽ പുതുമയുടെ തിളക്കം

കാഞ്ഞങ്ങാട് നഗരസഭ എൽഡിഎഫ് സ്ഥാനാർഥികൾ
avatar
സ്വന്തം ലേഖകൻ

Published on Nov 18, 2025, 03:00 AM | 1 min read

കാഞ്ഞങ്ങാട്‌

തുടർച്ചയായ പത്തുവർഷത്തെ വികസനനേട്ടങ്ങൾ ജനസമക്ഷം അവതരിപ്പിച്ച്‌ കാഞ്ഞങ്ങാട്‌ നഗരസഭയിൽ എൽഡിഎഫ്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ പ്രചാരണരംഗത്ത്‌ സജീവമായി. മൂന്നുതവണ ക‍ൗൺസിലറും മുൻ ചെയർമാനുമായ വി വി രമേശൻ മുതൽ 32 വയസുകാരനായ റജിൽ കാരാട്ടുവരെയുള്ളവർ പ്രവർത്തനാനുഭവങ്ങളും യൗവനത്തിന്റെ ചുറുചുറുക്കുമായാണ് മത്സരരംഗത്തെത്തുന്നത്‌. പുതുതായി രൂപീകരിച്ച നാലുവാർഡുകൾ ഉൾപ്പെടെ 47 വാർഡുകളിൽ 39 പേരുടെ സ്ഥാനാർഥി പട്ടികയാണ്‌ പുറത്തിറങ്ങിയത്‌. തൊഴിലാളികളും സ്‌ത്രീകൾക്കും വിദ്യാർഥി യുവജന സംഘടനാ പ്രവർത്തകരും ഉൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കും അർഹമായ പരിഗണന നൽകിയുള്ളതാണ്‌ സ്ഥാനാർഥി പട്ടിക. വിവിധ മേഖലകളിൽ നിറഞ്ഞുനിൽക്കുന്നവരും ജനകീയ അംഗീകാരമുള്ളവരുമാണ്‌ സ്ഥാനാർഥികൾ. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗമായ വി വി രമേശൻ, ക‍ൗൺസിൽ അംഗങ്ങളായ ഫ‍ൗസിയ ഷെറീഫ്‌, നജ്‌മ എന്നിവരാണ്‌ നിലവിലുള്ള അംഗങ്ങളിൽ മത്സരരംഗത്തുള്ളത്‌. ജില്ലയിലെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരസഭയും വ്യാപാരകേന്ദ്രവുമായ കാഞ്ഞങ്ങാട്ട്‌ നഗരസഭയിൽ ജനതയുടെ ജീവിതനിലവാരം ഉയർത്താനായതിന്റെ തെളിവുകൾ ജനങ്ങൾക്കുമുന്നിലെത്തിച്ചാണ്‌ എൽഡിഎഫ്‌ വോട്ടുതേടുന്നത്‌. വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് കേരളം മാറുമ്പോൾ പ്രാദേശിക ശാക്തീകരണം നടപ്പാക്കാനും സമൂഹത്തിലെ അവശതയനുഭവിക്കുന്നവരെ ചേർത്തുനിർത്താനും പത്തുവർഷമായി നഗരസഭ ഭരിക്കുന്ന എൽഡിഎഫ്‌ ഭരണസമിതിക്കായി. വീടില്ലാത്തവർക്ക് വീട്, കിടപ്പുരോഗികൾക്ക് സാന്ത്വനം, തൊഴിലന്വേഷകർക്ക് തൊഴിൽ എന്നിവയൊക്കെ യാഥാർഥ്യമാക്കാനായി. കക്ഷി രാഷ്ട്രീയത്തിനതീതമായി ജനാധിപത്യ മൂല്യങ്ങളുയർത്തിപ്പിടിച്ചായിരുന്നു വികസനപ്രവർത്തനങ്ങൾ. അഴിമതിയുടെ കറപുരളാതെ ഭരണസമിതി നേട്ടങ്ങളുടെ തിളക്കം കൂട്ടി. കേരളത്തിൽ ലൈഫ് പദ്ധതിയിൽ ഏറ്റവുമേറേ വീടുനൽകിയ നഗരസഭ കാഞ്ഞങ്ങാടാണ്‌. നിശ്ചയദാർഢ്യവും ഇച്ഛാശക്തിയുമുളള നേതൃത്വത്തിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ നേട്ടമാണിത്‌. 2020ൽ 43 വാർഡിൽ 24 എണ്ണം നേടിയാണ്‌ എൽഡിഎഫ്‌ ഭരണത്തുടർച്ച നേടിയത്‌. യുഡിഎഫിന്‌ 13 സീറ്റും എൻഡിഎക്ക്‌ ആറും സീറ്റുമായിരുന്നു. 2015ൽ എൽഡിഎഫ്‌– 23, യുഡിഎഫ്‌– 14, ബിജെപി – ആറ്‌ എന്നിങ്ങനെയാണ്‌ കക്ഷിനില. കൂടുതൽ സീറ്റുകളോടെ തിളക്കമാർന്ന ജയത്തോടെ ഹാട്രിക്‌ ഭരണത്തുടർച്ചയാണ്‌ എൽഡിഎഫിന്റെ ലക്ഷ്യം.



deshabhimani section

Related News

View More
0 comments
Sort by

Home