ഉടൻ തുറക്കും കാസർകോട്ടെ തുറമുഖം

കെ സി ലൈജുമോൻ
Published on Nov 18, 2025, 03:00 AM | 1 min read
കാസർകോട്
കാസർകോട് കടപ്പുറത്ത് അത്യാധുനിക സൗകര്യങ്ങളോടെയുള്ള മീൻപിടുത്ത തുറമുഖം ഒരുങ്ങുന്നു. 2010ൽ മന്ത്രി എസ് ശർമ കല്ലിട്ട പദ്ധതിയാണ് എല്ലാ പരാതിയും പരിഹരിച്ച് അവസാന ഘട്ടത്തിലെത്തിയത്. ആദ്യം നിർമിച്ച രണ്ട് പുലിമുട്ടും അശാസ്ത്രീയമാണെന്ന് പരാതി ഉയർന്നു. ഇതോടെ തുറമുഖത്തിന്റെ മാതൃക തയ്യാറാക്കിയ പുനെയിലെ പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ വാട്ടർ പവർ റിസർച്ച് സ്റ്റേഷൻ അലൈൻമെന്റിൽ മാറ്റം വരുത്തി നൽകി. ഇതിന്റെ ഭാഗമായി വടക്കുഭാഗത്തുണ്ടായിരുന്ന പുലിമുട്ടിൽനിന്ന് 240 മീറ്റർ മാറി 560 മീറ്റർ നീളത്തിൽ പുതിയ പുലിമുട്ട് നിർമിച്ചു. കൂടാതെ തെക്കുഭാഗത്തെ പുലിമുട്ടിന്റെ നീളം 770 മീറ്ററുമാക്കി. കാസർകോട് കടപ്പുറം കേന്ദ്രീകരിച്ച് മീൻപിടിക്കാൻ പോകുന്ന ആയിരത്തിലധികം തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പതിറ്റാണ്ടുകളായുള്ള സ്വപ്‌നമാണ് തുറമുഖം. ചെറുവത്തൂർ, മഞ്ചേശ്വരം തുറമുഖത്തിന് മുമ്പ് നിർമാണം തുടങ്ങിയതാണ് കാസർകോടെങ്കിലും സാങ്കേതിക കാരണങ്ങളാൽ വൈകുകയായിരുന്നു. സിപിഐ എം നേതൃത്വത്തിൽ സംസ്ഥാന സർക്കാരിൽ നിരന്തരം ഇടപെടൽ നടത്തിയതോടെ മന്ത്രി സജി ചെറിയാൻ സ്ഥലം സന്ദർശിച്ച ശേഷമാണ് തുറമുഖത്തിന്റെ പണി വേഗത്തിലായത്. നിർമാണ ആവശ്യത്തിന് കൂടുതൽ പണം ആവശ്യമാണെന്ന് കാണിച്ച് കേന്ദ്ര ഫിഷറീസ് വകുപ്പിന് 71 കോടി രൂപയുടെ എസ്‌റ്റിമേറ്റ് നൽകി. 70.53 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചതോടെ നിർമാണം കൂടുതൽ വേഗത്തിലായി. ഇൗ തുകയിൽ 42.32 കോടി രൂപ കേന്ദ്രവും 28.21 കോടി സംസ്ഥാന സർക്കാരുമാണ് നൽകുന്നത്. തെക്കും വടക്കും ഭാഗത്ത് രണ്ട് പുലിമുട്ട്, സംരക്ഷണ ഭിത്തി, അനുബന്ധന റോഡ്, പാർക്ക്, ലേല ഹാൾ, മണലെടുത്ത് നിരപ്പാക്കൽ, ജലവിതരണം, പ്രാഥമിക കാര്യങ്ങൾക്കുള്ള സമുച്ചയം, പ്രവേശന കവാടവും പുരയും, വല നെയ്യൽ ഷെഡ്, കാന്റീൻ എന്നിവയാണ് ഇൗ തുക ഉപയോഗിച്ച് നടപ്പാക്കുന്നത്. തുറമുഖ പ്രദേശത്തിന്റെ ശുചീകരണം, അനുബന്ധ റോഡ്, പഴയ കെട്ടിടം നവീകരണം എന്നിവയുടെ നിർമാണമാണ് അവസാനഘട്ടത്തിലുള്ളത്. 2026 മാർച്ചിന് മുന്പായി പൂർത്തിയാക്കി തുറമുഖം തുറന്നുകൊടുക്കാനാകും.









0 comments