ജീവജലം, സാന്ത്വനം ജനഹൃദയംതൊട്ട് തൈക്കാട്ടുശേരി

തൈക്കാട്ടുശേരി ബ്ലോക്ക് ഓഫീസിന‍് മുന്നിലെ വാട്ടർ കിയോസ്‌ക്
ടി പി സുന്ദരേശൻ
Published on Nov 18, 2025, 12:51 AM | 1 min read
ചേർത്തല
ഒറ്റപ്പെട്ട് ജീവിക്കുന്നവർക്കും രോഗികൾക്കും കുരുന്നുകൾക്കും ഉൾപ്പെടെ ശുദ്ധജലം ലഭ്യമാക്കുക പ്രധാന ദൗത്യമാക്കിയ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് അഞ്ചാണ്ട് പിന്നിടുന്പോൾ ലക്ഷ്യസാക്ഷാൽക്കാരത്തിന്റെ ചാരിതാർഥ്യത്തിലാണ്.
ചികിത്സതേടി എത്തുന്ന രോഗികൾക്കും കൂടെയുള്ളവർക്കും ശുദ്ധമായ കുടിവെള്ളം ആരോഗ്യകേന്ദ്രങ്ങളിൽ ഉറപ്പാക്കി. ചൂടുള്ളതും തണുത്തതുമായ കുടിവെള്ളം ലഭ്യമാക്കുന്ന വാട്ടർ കിയോസ്‌ക് സംവിധാനമാണ് സജ്ജമാക്കിയത്. പള്ളിപ്പുറം, പെരുന്പളം, അരൂക്കുറ്റി, തൈക്കാട്ടുശേരി ആശുപത്രികളിലും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും 23 ലക്ഷം രൂപ ചെലവിട്ടാണ് നിത്യേന നൂറുകണക്കിനാളുകൾക്ക് കുടിവെള്ളം ഉറപ്പാക്കിയത്.
ബ്ലോക്ക് പരിധിയിലെ 122 അങ്കണവാടികളിലും ജലശുദ്ധീകരണി എത്തിച്ചു. പള്ളിപ്പുറത്തെയും അരൂക്കുറ്റിയിലെയും മാട്ടേൽ തുരുത്തുകളിൽ കുടിവെള്ള കണക്ഷൻ എത്തിച്ചു. കായലിലൂടെ ജലവിതരണക്കുഴൽ സ്ഥാപിച്ചാണ് തുരുത്തുകളിൽ ഒറ്റപ്പെട്ടവർക്ക് കുടിവെള്ളം എത്തിച്ചത്. വെള്ളത്തിന് നടുവിലാണ് ജീവിതമെങ്കിലും കുടിക്കാനില്ല ഒരുതുള്ളിവെള്ളം എന്ന നിരവധി കുടുംബങ്ങളുടെ ദുരവസ്ഥയ്‌ക്ക് പരിഹാരമായി.
സാന്ത്വനപരിചരണത്തിൽ മാതൃകയായി. അഞ്ച് വർഷത്തിനകം ഒരുകോടിയിൽപ്പരം രൂപയാണ് സെക്കൻഡറി പാലിയേറ്റീവ് സേവനത്തിന് ചെലവിട്ടത്. അതുവഴി കിടപ്പുരോഗികൾക്കും കുടുംബാംഗങ്ങൾക്കും ലഭിച്ച ആശ്വാസം വിലമതിക്കാനാകാത്തതായി. ബ്ലോക്കിലെ ആരോഗ്യകേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യവും സംവിധാനങ്ങളും മെച്ചപ്പെടുത്തി പ്രവർത്തനം മികച്ച നിലവാരത്തിലാക്കി.
അടിയന്തരഘട്ടങ്ങളിൽ സന്നദ്ധസേവനത്തിന് രംഗത്തിറങ്ങാൻ വളണ്ടിയർസേനയെ ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ സജ്ജമാക്കി. രക്ഷാപ്രവർത്തനത്തിനും പ്രഥമശുശ്രൂഷയ്‌ക്കും ശാസ്‌ത്രീയ പരിശീലനം സേനാംഗങ്ങൾക്ക് നൽകി. കോവിഡ് ഘട്ടത്തിൽ തൊഴിൽ പ്രതിസന്ധി നേരിട്ട ജനതയ്‌ക്ക് ആശ്വാസമേകാൻ കോട്ടയം ജില്ലയിലെ കൃഷിയിടത്തിൽനിന്ന് ടൺകണക്കിന് മരച്ചീനി ശേഖരിച്ച് ബ്ലോക്ക് പരിധിയിലെ മുഴുവൻ വീടുകളിലും സൗജന്യമായി എത്തിച്ചു.









0 comments