അറബ് ഉച്ചകോടിയിൽ ഒമാൻ പങ്കെടുത്തു

oman in arab summit
വെബ് ഡെസ്ക്

Published on Mar 05, 2025, 01:42 PM | 1 min read

മസ്‌ക്കറ്റ് : പലസ്തീൻ വിഷയത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഗാസ മുനമ്പിലെയും വെസ്റ്റ് ബാങ്കിലെയും സംഘർഷാവസ്ഥയും ചർച്ച ചെയ്യുന്നതിനായി കെയ്‌റോയിൽ നടന്ന അറബ് ഉച്ചകോടിയിൽ ഒമാൻ പങ്കെടുത്തു. വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽബുസൈദിയാണ് ഒമാനി പ്രതിനിധി സംഘത്തെ നയിച്ചത്.

അറബ് രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും പ്രതിനിധി സംഘത്തലവന്മാരും സന്നിഹിതരായിരുന്നു. ഈ സുപ്രധാന യോഗം സംഘടിപ്പിക്കുന്നതിൽ നടത്തിയ ശ്രമങ്ങൾക്ക് അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്ത്, പലസ്തീൻ, കിംഗ്‌ഡം ഓഫ് ബഹ്‌റൈൻ എന്നീ രാഷ്ട്രങ്ങൾക്ക് സയ്യിദ് ബദർ നന്ദി രേഖപ്പെടുത്തി. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് അൽ സഈദിന്റെ ആശംസകൾ അദ്ദേഹം മറ്റു രാഷ്ട്രത്തലവന്മാർക്ക് കൈമാറി.

ആഗോളതലത്തിൽ പൊതുവെയും മേഖലയിൽ പ്രത്യേകിച്ചും വെല്ലുവിളികൾ രൂക്ഷമാകുന്ന സമയത്താണ് ഉച്ചകോടി നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'പുനർനിർമ്മാണം' എന്ന വ്യാജേന ഗാസ മുനമ്പിലെ നിവാസികളെ കുടിയിറക്കാൻ ആഹ്വാനം ചെയ്യുന്ന നടപടികളെ ഒമാൻ പൂർണ്ണമായും നിരാകരിക്കുന്നുവെന്നും അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം മനുഷ്യരാശിക്കെതിരായ ഹീനമായ കുറ്റകൃത്യമാണിതെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.

പതിനായിരക്കണക്കിന് സാധാരണക്കാർ കൊല്ലപ്പെടുകയും പരിക്കേല്പിക്കപ്പെടുകയും കാണാതാവുകയും ചെയ്ത, അടിസ്ഥാന ജീവിത സൗകര്യങ്ങൾ നിഷേധിക്കപ്പെട്ട ഇസ്രായേൽ അധിനിവേശകാലം മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട യുഗമെന്ന നിലയിൽ പരിഗണയ്ക്കപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. വെടിനിർത്തൽ ഉടമ്പടി വ്യവസ്ഥകൾ ഇസ്രായേൽ ദിനംപ്രതി ലംഘിച്ചു കൊണ്ടിരിക്കുകയാണെന്നും, മേഖലയിലേക്കുള്ള സഹായ വിതരണം തടയപ്പെടുന്നുവെന്നും, ഗാസയിലും വെസ്റ്റ് ബാങ്കിലും നിരന്തരമായി ഒറ്റപ്പെട്ട കൊലകൾ തുടരുന്നുണ്ടെന്നും, മാറ്റിപ്പാർപ്പിക്കൽ പരമ്പരയായി തുടരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉടമ്പടി വ്യവസ്ഥകൾ പ്രകാരം മോചിതരായവരേക്കാൾ കൂടുതൽ പലസ്തീനികൾ ഇപ്പോഴും തടങ്കലിൽ തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അഭ്യർത്ഥനയ്ക്ക് ഒരു വർഷത്തിന് ശേഷവും കാര്യങ്ങൾ എല്ലാം പഴയ പടി തന്നെയാണെന്നും, ഉപാധികളില്ലാതെ തന്നെ പൂർണമായ വെടിനിർത്തൽ പ്രഖ്യാപനം ഉടൻ നടപ്പാക്കി ദുരിത ബാധിത മേഖലയിലേക്ക് തടസങ്ങളില്ലാതെ സഹായങ്ങൾ എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home