പവർ ബാങ്ക്, ബാറ്ററി കൊണ്ടുപോകൽ; സുരക്ഷാനിർദേശങ്ങളുമായി ഒമാൻ എയർ

മസ്‌കത്ത് : പവർ ബാങ്കുകളും ബാറ്ററികളും കൊണ്ടുപോകുന്നതിനുള്ള പുതുക്കിയ സുരക്ഷാമാർഗനിർദേശങ്ങൾ പ്രഖ്യാപിച്ച് ഒമാൻ എയർ. ലിഥിയം ബാറ്ററികൾ, പവർ ബാങ്കുകൾ, സ്‌മാർട്ട് ബാഗുകൾ, ഇ -സിഗരറ്റുകൾ എന്നിവ കൊണ്ടുപോകാനുള്ള നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. യാത്രക്കാരുടെ സുരക്ഷയ്ക്കും സുഗമമായ യാത്രാപ്രവർത്തനങ്ങൾക്കും വേണ്ടിയാണ് നിയന്ത്രണങ്ങളെന്ന് അധികൃതർ വ്യക്തമാക്കി.
പവർ ബാങ്കുകൾ ഹാൻഡ് ലഗേജിൽ മാത്രമേ കൊണ്ടുപോകാനാകൂ എന്ന് നിർദേശത്തിലുണ്ട്. വിമാനയാത്രയ്ക്കിടെ ഉപയോഗിക്കാനോ ചാർജ് ചെയ്യാനോ സാധിക്കില്ല. കേടായതോ ലേബൽ ചെയ്യാത്തതോ ആയ പവർ ബാങ്കുകൾ കർശനമായി നിരോധിച്ചിട്ടുമുണ്ട്. നീക്കം ചെയ്യാനാകാത്ത ബാറ്ററികളുള്ള സ്‌മാർട്ട് ബാഗുകൾ ചെക്ക്- ഇൻ ചെയ്യുന്നതിനുമുമ്പ് സ്വീകരിക്കില്ല. ബാറ്ററി നീക്കം ചെയ്യാവുന്നതാണെങ്കിൽ യാത്രക്കാർ ചെക്ക് -ഇൻ ചെയ്യുന്നതിനുമുമ്പ് അത് ഒഴിവാക്കി ക്യാബിനിൽ കൊണ്ടുപോകണം. ഇ -സിഗരറ്റുകളും വേപ്പുകളും ഹാൻഡ് ബാഗേജിൽ മാത്രമേ അനുവദിക്കൂ. പക്ഷേ, വിമാനത്തിൽ ഉപയോഗിക്കാനോ ചാർജ് ചെയ്യാനോ കഴിയില്ലെന്നും ഒമാൻ എയർ വ്യക്തമാക്കി.
അതേസമയം, യാത്രക്കാർക്ക് വിമാനത്തിന്റെ ചാർജിങ് പോർട്ടുകൾ ഉപയോഗിച്ച് ഫോണുകൾ, ടാബ്‌ലറ്റുകൾ തുടങ്ങിയ വ്യക്തിഗത ഇലക്‌ട്രോണിക് ഉപകരണം ചാർജ് ചെയ്യാം. എന്നാൽ, ചാർജ് ചെയ്യുമ്പോൾ എല്ലാ ഉപകരണങ്ങളും മേൽനോട്ടത്തിൽ ആയിരിക്കണം. ലിഥിയം ബാറ്ററിയിൽ പ്രവർത്തിക്കുന്ന വ്യക്തിഗത ഗതാഗത ഉപകരണങ്ങൾ ഹോവർബോർഡുകൾ, ബാലൻസ് വീലുകൾ, മിനി -സ്‌കൂട്ടറുകൾ, സമാനമായ വസ്തുക്കൾ എന്നിവ ചെക്ക്ഡ് അല്ലെങ്കിൽ ക്യാരി -ഓൺ ലഗേജായി വിമാനത്തിൽ അനുവദനീയമല്ല. എല്ലാ യാത്രക്കാർക്കും ഉയർന്ന നിലവാരമുള്ള സുരക്ഷ ഉറപ്പാക്കാനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് പുതുക്കിയ നിയന്ത്രണങ്ങളെന്ന് ഒമാൻ എയർ അധികൃതർ വ്യക്തമാക്കി.









0 comments