ഖോർഫക്കൻ ബീച്ചിലെ എണ്ണചോർച്ച നിയന്ത്രണവിധേയം

ഖോർഫക്കൻ : ഖോർഫക്കൻ കോർണിഷ് ബീച്ചിൽ കണ്ടെത്തിയ എണ്ണചോർച്ച മുനിസിപ്പാലിറ്റിയുടെ ത്വരിത ഇടപെടലിൽ നിയന്ത്രണവിധേയമാക്കി ശുചീകരിച്ചു. ബീച്ചിലെ വിനോദസഞ്ചാരികളും സമുദ്രജീവികളും സംരക്ഷിക്കപ്പെടാൻ വേണ്ടിയുള്ള നടപടികളാണ് സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. മുനിസിപ്പാലിറ്റിയുടെ പരിസ്ഥിതി വിഭാഗമാണ് എണ്ണചോർച്ച കണ്ടെത്തിയത്. തുടർന്ന് മറ്റു വകുപ്പുകളുമായി ഏകോപിപ്പിച്ച്, മുനിസിപ്പാലിറ്റി ഡയറക്ടറുടെ നേരിട്ടുള്ള നിർദേശപ്രകാരം ടീമുകളെ സ്ഥലത്തെത്തിച്ച് നിയന്ത്രണവും ശുചീകരണവും നടത്തി.
‘ബീഅ’യുടെ സാങ്കേതിക പിന്തുണയും പ്രത്യേക പരിശീലനം ലഭിച്ച സംഘവും പ്രവർത്തനത്തിൽ പങ്കാളികളായി. പരിസ്ഥിതി വെല്ലുവിളികൾ നേരിടാനും അടിയന്തര സാഹചര്യങ്ങളിൽ മികച്ച രീതിയിൽ പ്രതികരിക്കാനും സംയുക്ത പ്രവർത്തനങ്ങളുടെ പ്രാധാന്യം ഇത്തരം സഹകരണങ്ങൾ തെളിയിക്കുന്നുവെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ഇത് ഖോർഫക്കൻ നേരിടുന്ന ആദ്യത്തെ വെല്ലുവിളിയല്ല. കഴിഞ്ഞ ജൂലൈയിൽ അൽ ലുലയ്യ, അൽ സുബൈറ ബീച്ചുകളിലുണ്ടായ എണ്ണചോർച്ചയും പരിസ്ഥിതി സംരക്ഷണ അതോറിറ്റി വിജയകരമായി നിയന്ത്രണവിധേയമാക്കിയിരുന്നു.









0 comments