ശബ്‌ദ മലിനീകരണം: കർശന നടപടി തുടർന്ന് യുഎഇ

ദുബായ്: ശബ്‌ദമലിനീകരണവുമായി ബന്ധപ്പെട്ട് യുഎഇയിലെ റോഡുകളിൽ കഴിഞ്ഞ വർഷം മാത്രം 7222 നിയമലംഘനം രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വാഹനങ്ങളുടെ ഹോണുകൾ ദുരുപയോഗം ചെയ്തതിനും ഉച്ചത്തിലുള്ള സംഗീതം മുഴക്കിയതിനും 3054 കേസുകൾ രേഖപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. 4168 നിയമലംഘനങ്ങൾ വാഹനങ്ങളുടെ അമിത ശബ്‌ദവുമായി ബന്ധപ്പെട്ടതാണ്. പലപ്പോഴും നിയമവിരുദ്ധമായ എൻജിൻ പരിഷ്‌കാരങ്ങളോ, അശ്രദ്ധമായ ഡ്രൈവിങ് ശീലങ്ങളോ ആണ് ഇത്തരം നിയമലംഘനങ്ങൾക്ക് വഴിയൊരുക്കുന്നതെന്നും അധികൃതർ അറിയിച്ചു.
ദുബായ്, അബുദാബി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഹോൺ ശബ്‌ദത്തിനും അമിത ശബ്‌ദത്തിലുള്ള സംഗീതത്തിനും ദുബായിൽ 1622 നിയമലംഘനം രേഖപ്പെടുത്തി. അമിത ശബ്‌ദമുണ്ടാക്കിയ വാഹനങ്ങളുടെ പേരിൽ 1759 നിയമലംഘനവും രേഖപ്പെടുത്തി. യഥാക്രമം 785, 1568 ലംഘനങ്ങളുമായി അബുദാബിയാണ് തൊട്ടുപിന്നിൽ. ഹോൺ മുഴക്കുന്നതിനും സംഗീതത്തിനും ഷാർജയിൽ 504ഉം എൻജിൻ സംബന്ധമായ ശബ്ദത്തിന്റെ പേരിൽ 523ഉം കേസുകൾ റിപ്പോർട്ട് ചെയ്തു. അതേസമയം, അജ്മാൻ, ഫുജൈറ, റാസൽഖൈമ, ഉമ്മുൽഖുവൈൻ തുടങ്ങിയ എമിറേറ്റുകളിൽ നിയമലംഘനങ്ങളുടെ എണ്ണം താരതമ്യേന കുറവാണ്.
യുഎഇ ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 20 പ്രകാരം അമിത ശബ്‌ദമുണ്ടാക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും ശിക്ഷയായി ലഭിക്കും. ആർട്ടിക്കിൾ 73 പ്രകാരം, നിയമവിരുദ്ധ വാഹന മോഡിഫിക്കേഷനുകൾക്ക് 1000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും 30 ദിവസത്തെ വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ. 2020ലെ അഞ്ച--ാം നമ്പർ നിയമം അനുസരിച്ച് അബുദാബിയിൽ അനുവദനീയമല്ലാത്ത മോഡിഫിക്കേഷനുകൾ വരുത്തിയ വാഹനങ്ങൾ കണ്ടുകെട്ടാനും 10,000 ദിർഹം പിഴ ചുമത്താനും സർക്കാരിന് കഴിയും. മൂന്ന് മാസത്തിനുള്ളിൽ പണം അടച്ചില്ലെങ്കിൽ വാഹനം ലേലത്തിൽ വിൽക്കാം. മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന രീതിയിൽ ഹോൺ അല്ലെങ്കിൽ സ്റ്റീരിയോ സിസ്റ്റം ദുരുപയോഗം ചെയ്താൽ 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ശിക്ഷ ലഭിക്കും.









0 comments