2025ൽ വകാൻ ഗ്രാമം സന്ദർശിച്ചത് 19,000ൽ അധികം പേർ

wakan village
avatar
റഫീഖ്‌ പറമ്പത്ത്‌

Published on Apr 30, 2025, 05:07 PM | 1 min read

മസ്‌കത്ത്‌: ഒമാൻ തെക്കൻ ബാത്തിന ഗവർണറേറ്റിൽ സ്ഥിതിചെയ്യുന്ന നഖൽ വിലായത്തിലെ വാദി മിസ്‌തലിലെ വകാൻ ഗ്രാമത്തിലേക്ക് 2025ൽ എത്തിയ സന്ദർശകരുടെ എണ്ണം 19,000 കവിഞ്ഞതായി റിപ്പോർട്ട്‌. പൈതൃക, വിനോദ സഞ്ചാര മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്‌ത, ഗ്രാമത്തിന്റെ വിനോദ സഞ്ചാര ഗൈഡൻസ് ഓഫീസ് പുറത്തുവിട്ട റിപ്പോർട്ടിലാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നത്‌.

ജനുവരിമുതൽ ഏപ്രിൽവരെയുള്ള കാലയളവിൽ ഗ്രാമത്തിൽ എത്തിയത്‌ 19,270 പേരാണ്‌. ഈ കാലയളവിൽ സന്ദർശകരുടെ ഗണ്യമായ ഒഴുക്കുണ്ടായി. സാധാരണയായി ഫെബ്രുവരി വിനോദസഞ്ചാരത്തിന്റെ ഏറ്റവും ഉയർന്ന മാസമാണ്‌. ഈ വർഷം ഫെബ്രുവരിയിൽ 7888 സന്ദർശകർ എത്തി. 2024 ഫെബ്രുവരിയിൽ 6499ഉം 2023ൽ 4974ഉം ആയിരുന്നു.


പടിഞ്ഞാറൻ ഹജർ പർവതനിരകളിലെ മറ്റ് ഉയർന്ന പ്രദേശങ്ങൾക്ക് സമാനമായി, മിതമായ വേനൽക്കാല കാലാവസ്ഥ കാരണം വകാൻ ഗ്രാമം ഗവർണറേറ്റിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്‌. ഈ അനുകൂല കാലാവസ്ഥ പ്രദേശവാസികൾക്ക് വർഷം മുഴുവനും കൃഷിയിൽ ഏർപ്പെടാനും സൗകര്യം ഒരുക്കുന്നു. ആപ്രിക്കോട്ട്, മാതളനാരങ്ങ, പീച്ച്, വാൽനട്ട്, മുന്തിരി തുടങ്ങിയ മിതശീതോഷ്ണ വേനൽക്കാല കാലാവസ്ഥയിൽ വളരുന്ന വിളകളാണ്‌ കൂടുതലും.


വകാനിലെ ആകർഷണങ്ങളുടെ വൈവിധ്യം ഗ്രാമത്തെ സുസ്ഥിര വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയെന്ന് ഗവർണറേറ്റിലെ പൈതൃക, വിനോദസഞ്ചാര വകുപ്പിന്റെ ഡയറക്ടർ ഡോ. അൽ-മുതാസിം നാസർ അൽ ഹിലാലി പറഞ്ഞു. ഉയരത്തിലുള്ള പർവതങ്ങളുടെ മുകളിലെ ലോഡ്‌ജുകളിലെ താമസം, കാർഷിക പാതകളിലൂടെയുള്ള കാൽനടയാത്ര, പുരാതന പർവത പാത പര്യവേഷണം ചെയ്യൽ തുടങ്ങിയവയ്ക്ക്‌ വകാൻ ഗ്രാമം വിനോദസഞ്ചാര പ്രാധാന്യം നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


നേരിയ താപനിലയും വിളവെടുപ്പ് കാലങ്ങളും കാരണം വേനൽക്കാലത്ത് ആഭ്യന്തര വിനോദസഞ്ചാരം ഉയരും. അതേസമയം, ശൈത്യകാലത്ത്, ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സന്ദർശകരെയും ആകർഷിക്കും. ഏപ്രിലിൽ ആപ്രിക്കോട്ട്, ജൂണിൽ പീച്ച്, ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ മാതളനാരങ്ങ, മുന്തിരി എന്നിവയാണ് പ്രധാന വിളവെടുപ്പ്. ഏറ്റവും ഉയർന്ന സ്ഥലത്തെത്താൻ 600ൽ അധികം പടികൾ കയറേണ്ടതുണ്ട്. പുരാതന പള്ളി, പഴയ അയൽപക്ക ഘടനകൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള കാർഷിക ടെറസുകൾ എന്നിവയുൾപ്പെടെയുള്ള ചരിത്ര സ്‌മാരകങ്ങളും ഗ്രാമത്തിലുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home