സന്ദർശകരെ സ്വാഗതം ചെയ്ത് പൈതൃക ടൂറിസം മന്ത്രാലയം: ജബൽ അഖ്ദറിൽ റോസ് വിളവെടുപ്പ് തുടങ്ങി

റഫീഖ് പറമ്പത്ത്
Published on Apr 06, 2025, 09:54 AM | 2 min read
മസ്‌കത്ത്: അൽ ദഖിലിയ ഗവർണറേറ്റിലെ ജബൽ അഖ്ദർ വിലായത്തിൽ വാർഷിക റോസ് വിളവെടുപ്പ് സീസൺ ആസ്വദിക്കാൻ പൈതൃക, ടൂറിസം മന്ത്രാലയം വിനോദസഞ്ചാരികളെ ക്ഷണിച്ചു. മനോഹരമായ വർണത്തിൽ പുതഞ്ഞുനിൽക്കുന്ന പരുക്കൻ പർവത മേഖലയുടെ കാഴ്‌ച്ച ആസ്വദിക്കാനാണ് മന്ത്രാലയത്തിന്റെ ക്ഷണം.
സാധാരണയായി മാർച്ച് അവസാനംമുതൽ മെയ് പകുതിവരെയാണ് വിളവെടുപ്പ് സീസൺ. ഇത് ടൂറിസം വൈവിധ്യത്തിന് വഴിയൊരുക്കുകയും പരമ്പരാഗതവും ആധുനികവുമായ റോസ് വാട്ടർ വാറ്റിയെടുക്കൽ രീതികൾ സൂഷ്‌മമായി നിരീക്ഷിക്കാൻ വിനോദസഞ്ചാരികളെ അനുവദിക്കുകയും ചെയ്യുന്നു. കൂടാതെ, വിളവെടുപ്പ് സീസണിന് പാരമ്പര്യവുമായും സംസ്‌കാരവുമായും അടുത്ത ബന്ധമുണ്ട്. റോസാപ്പൂക്കൾ പറിച്ചെടുക്കുന്നതിലും സംസ്‌കരിക്കുന്നതിലും പങ്കെടുക്കുന്നതിൽ സന്ദർശകരെ ആകർഷിക്കുന്ന തരത്തിലുള്ള ഒരുക്കങ്ങൾ മേഖലയിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
3000 മീറ്ററിലധികം ഉയരത്തിൽ സ്ഥിതിചെയ്യുന്ന പച്ചപ്പു നിറഞ്ഞ തട്ടുതട്ടായ പ്രദേശത്ത് ഏകദേശം ഏഴുമുതൽ 10 ഏക്കർവരെ വിസ്തൃതിയിൽ 5000ൽ അധികം റോസ് ചെടികളുണ്ട്. അലങ്കാര ഉൽപ്പന്നങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, മധുരപലഹാരങ്ങൾ, ഒമാനി കാപ്പി എന്നിവയുടെ പ്രധാന ഘടകമായി ഉപയോഗിക്കുന്ന റോസ് വാട്ടറിന്റെ വാറ്റിയെടുക്കലുമായി ഈ വിളവെടുപ്പ് കാലം ബന്ധപ്പെട്ടു കിടക്കുന്നു. ഭക്ഷണപാനീയങ്ങളിൽ സുഗന്ധദ്രവ്യമായും റോസ് വാട്ടർ ഉപയോഗിക്കുന്നു. കൂടാതെ ക്രീമുകൾ, സുഗന്ധദ്രവ്യ സോപ്പുകൾ എന്നിവയുൾപ്പെടെ സൗന്ദര്യവർധക വ്യവസായത്തിലും ഇത് ഉപയോഗിച്ചു തുടങ്ങി. വളം നിർമാണത്തിലും റോസാപ്പൂക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് വിലായത്തിലെ നിവാസികൾ പറഞ്ഞു.
കണക്കുകൾ പ്രകാരം ജബൽ അഖ്ദറിലെ റോസ് ഉൽപ്പാദനം കഴിഞ്ഞ വർഷം ഒമ്പതു ടണ്ണിൽനിന്ന് 20 ടണ്ണിലധികം വർധിച്ചു. 2024ലെ ഉൽപ്പാദനം രണ്ടുലക്ഷം റിയാലാണ്. ആ മരങ്ങളിൽനിന്ന് ഉൽപ്പാദിപ്പിക്കുന്ന റോസ് വാട്ടറിന്റെ അളവ് 28,000 ലിറ്ററായും ഉയർന്നു.
ദേശീയ ജിഡിപിയിൽ റോസ് വിളവെടുപ്പിന്റെ മൂല്യവർധന മനസ്സിലാക്കിയ കൃഷി, മത്സ്യബന്ധന മന്ത്രാലയം, റോസ് കൃഷി വർധിപ്പിക്കുന്നതിനായി 2024 മാർച്ചിൽ പദ്ധതി ആരംഭിച്ചു. കാർഷിക, മത്സ്യബന്ധന വികസന ഫണ്ടിൽനിന്ന് ഒന്നരലക്ഷം റിയാലിന്റെ ധനസഹായത്തോടെ, രണ്ടുവർഷത്തെ പദ്ധതി 15 കർഷകർക്ക് പ്രയോജനം ലഭിക്കുന്ന രീതിയിലാണ്. പ്രാദേശിക ചെറുകിട ഇടത്തരം സംരംഭങ്ങളുമായി സഹകരിച്ച് റോസ് കൃഷിയെയും അനുബന്ധ വ്യവസായങ്ങളെയും കുറിച്ച് പഠനം നടത്തുക, അഞ്ച് ഏക്കർ കൂടി റോസ് കൃഷി ചെയ്യുന്നതിന് പിന്തുണ നൽകുക, കാർഷിക യന്ത്രങ്ങൾ പരിചയപ്പെടുത്തുക, പനിനീർ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന ഗുണഭോക്താക്കൾക്ക് പരിശീലനം നൽകുക എന്നിവയാണ് മന്ത്രാലയത്തിന്റെ ഇടപെടലുകൾ.









0 comments