തീർഥാടകർക്ക് കൂടുതൽ സൗകര്യം; മക്ക നഗരവികസനത്തിന് പദ്ധതി

ജിദ്ദ : ലോകത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നായ മക്കയിലെ മസ്ജിദുൽ ഹറമിന് ചുറ്റുമുള്ള സ്ഥലങ്ങൾ നവീകരിക്കാൻ പദ്ധതി തയ്യാറാക്കി റോയൽ കമീഷൻ. നഗരത്തിന്റെ കേന്ദ്രഭാഗത്ത് ആറ് ചതുരശ്ര കിലോമീറ്റർ മാത്രമുള്ള ചെറിയ പ്രദേശത്ത്, സാധാരണ ജനസാന്ദ്രതയുടെ ആറിരട്ടിയാണ് താമസിക്കുന്നത്. തീർഥാടന സമയങ്ങളിൽ ഇവിടെ ഒരു രാത്രിയിൽ ഇരുപത് ലക്ഷത്തോളം വിശ്വാസികൾ ഒത്തുകൂടാറുണ്ട്. ഈ സാഹചര്യത്തിലാണ് നഗരവികസനം അനിവാര്യമായിരിക്കുന്നത്.
മക്കയിലെ അജ്‌യാദ് സ്ട്രീറ്റ്, ഇബ്രാഹിം അൽ ഖലീൽ സ്ട്രീറ്റ്, ഹിജ്‌റ സ്ട്രീറ്റ്, അൽ-ഷുബൈക്ക, ഹറം മസ്ജിദിന്റെ കിഴക്ക് ഭാഗം എന്നിവിടങ്ങളിൽ കാൽനടയാത്രക്കാർക്കുള്ള സ്ഥലങ്ങൾ എന്നിവ 127 ശതമാനം വർധിപ്പിക്കും. കൂടാതെ 30,000 ചതുരശ്ര മീറ്ററിലധികം തണൽ ലഭിക്കുന്ന ഇടങ്ങളും ഒരുക്കും.
കിങ് അബ്ദുൾ അസീസ് ഗേറ്റ് സ്റ്റേഷന്റെ ശേഷി മണിക്കൂറിൽ 7000 യാത്രക്കാർ എന്നതിൽനിന്ന് 18,000 ആയി ഉയർത്തും. ക്ലോക്ക് ടവറുകൾക്ക് പിന്നിലായി 70,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ, 60,000-ൽ അധികം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന പ്രാർഥനാസ്ഥലങ്ങൾ നിർമിക്കും. റോഡുകളുടെ ഉപരിതലത്തിൽ ചൂട് കുറയ്ക്കുന്ന റിഫ്ലെക്റ്റീവ് കോട്ടിങ് നൽകും. ഇത് താപനില 20 ഡിഗ്രിവരെ കുറയ്ക്കാൻ സഹായിക്കും. തിരക്ക് നിയന്ത്രിക്കാൻ ആധുനിക ഗൈഡൻസ് സംവിധാനവും സ്ഥാപിക്കും. മക്കയുടെ കേന്ദ്രഭാഗത്തെ വികസന മാസ്റ്റർ പ്ലാനിന്റെ 70 ശതമാനം പൂർത്തിയാക്കിയതായും കമീഷൻ അറിയിച്ചു.









0 comments