ബിഎൽഒമാർക്ക് പരിശീലനം കുറവെങ്കിൽ പരിഹരിക്കാം; എസ്ഐആർ ഭരണഘടനാബാധ്യത: രത്തൻ ഖേൽക്കർ

Rathan U Kelkar

രത്തൻ യു ഖേൽക്കർ

വെബ് ഡെസ്ക്

Published on Nov 22, 2025, 01:14 PM | 1 min read

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്ര പുന:പരിശോധന (എസ്ഐആർ) നടത്തിപ്പിൽ ബൂത്ത് ലെവൽ ഓഫീസർമാർക്ക് (ബിഎൽഒ) പരിശീലനക്കുറവുണ്ടെങ്കിൽ പരിഹരിക്കാമെന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ പറഞ്ഞു. ബിഎൽഒമാരെ സഹായിക്കാൻ കുടുംബശ്രീയിലെ ഉൾപ്പെടെ പ്രവർത്തകരെ പ്രയോജനപ്പെടുത്തും. ആരെയും സമ്മർദത്തിലാക്കാനല്ല, വോട്ടർപട്ടിക തീവ്ര പുന:പരിശോധന ഭരണഘടനാപരമായ ബാധ്യതയാണെന്നും രത്തൻ ഖേൽക്കർ പറഞ്ഞു. നടപടിക്രമങ്ങൾ അവലോകനം ചെയ്യാൻ രാഷ്ട്രീയപാർടികളുടെ യോ​ഗംചേർന്നശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഇടുക്കി, കാസർകോട്, തുടങ്ങിയ സ്ഥലങ്ങളിൽ ഫോമുകൾ അവിടങ്ങളിലെ മറ്റുഭാഷകളിലും ലഭ്യമാക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഫോമുകൾ കേന്ദ്രീകൃത സോഫ്റ്റ്‍വെയറിൽ നിർമിച്ചവയായതിനാൽ പെട്ടെന്ന് ചെയ്യാൻ പ്രയാസമുണ്ട്. എല്ലാ ജില്ലാ കലക്ടർമാരോടും ആ മേഖലയിൽ ഭാഷ അറിയുന്നവരുടെ സഹായംതേടാൻ നിർദേശിച്ചിട്ടുണ്ട്. പ്രവാസി വോട്ടർമാർക്കായി നോർക്കയുമായി യോ​ഗം ആവശ്യപ്പെട്ടിട്ടുണ്ടെന്നും, നോർക്ക വഴി മെറ്റീരിയൽസ് അയച്ചുകൊടുത്തിട്ടുണ്ടെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.


തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നവേളയിൽനിന്ന് എസ്ഐആർ നടപടികൾ മാറ്റിവെക്കണമെന്ന് ബിജെപി ഒഴികെയുള്ള രാഷ്ട്രീയപാർടികൾ ആവശ്യപ്പെട്ടു. എസ്ഐആറിന്റെ നിയമപരമായ പ്രശ്നങ്ങൾ സുപ്രീംകോടതിയുടെ പരി​ഗണനയിലാണ്, അതിനാൽ ഒരിളവുമില്ലാതെ തെരഞ്ഞെടുപ്പ് കമീഷൻ എസ്ഐആർ അടിച്ചേൽപ്പിക്കുന്നത് യോജിക്കാനാകില്ലെന്ന് സിപിഐ എം പ്രതിനിധി എം വിജയകുമാർ യോ​ഗത്തിൽ പറഞ്ഞു.


സംസ്ഥാനത്ത് 99.5 എന്യുമറേഷൻ ഫോമുകളും വിതരണം ചെയ്തു എന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ അവകാശപ്പെടുന്നത്. ഞായറാഴ്ചയോടെ ഫോം വിതരണം പൂർത്തിയാക്കും. 26 ലക്ഷത്തിലധികം ഫോമുകൾ ഡിജിറ്റലൈസ് ചെയ്തു. എന്നാൽ, 1.20 വോട്ടർമാരെ കണ്ടെത്താനായിട്ടില്ല. ഇതിൽ കൃത്യമായ കണക്ക് രാഷ്ട്രീയപാർടികൾക്ക് നൽകും. വോട്ടർമാർ ആരും ഒഴിവാക്കപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരിക്കാൻ താഴെത്തട്ടിൽ ബിഎൽഒമാരുടെ യോ​ഗം ചേരുമെന്ന് രത്തൻ ഖേൽക്കർ നേരത്തെ അറിയിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home