അഭിഭാഷകർക്കെതിരായ ലൈംഗിക പീഡന പരാതികളിൽ പോഷ് നിയമം നടപ്പാക്കണം; ഹർജിയിൽ സുപ്രീംകോടതി വാദം കേൾക്കും

ന്യൂഡൽഹി: വനിതാ അഭിഭാഷകർക്കെതിരായ ലൈംഗിക പീഡന പരാതികളിൽ പോഷ് നിയമം ബാധകമാക്കണമെന്ന സുപ്രീം കോടതി വനിതാ ലോയേഴ്‌സ് അസോസിയേഷന്റെ ഹർജിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനം. എല്ലാ പ്രൊഫഷണൽ സ്ഥാപനത്തിനും ഒരു ആഭ്യന്തര പരാതി സമിതി ഉണ്ടായിരിക്കണമെന്ന സുപ്രീം കോടതി നിർദ്ദേശിച്ച തത്വങ്ങൾക്ക് വിരുദ്ധമാണ് ബോംബെ ഹൈക്കോടതി വിധിയെന്നാണ് സുപ്രീം കോടതി വനിതാ ലോയേഴ്‌സ് അസോസിയേഷന്റെ വാദം.
നിയമം അഭിഭാഷകർക്ക് ബാധകമല്ലെന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജിയിൽ നോട്ടീസ് അയച്ചത്.ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെയോ മഹാരാഷ്ട്ര, ഗോവ ബാർ കൗൺസിലിലെയോ അംഗങ്ങളായ വനിതാ അഭിഭാഷകരുടെ പരാതികൾക്ക് പോഷ് നിയമം ബാധകമല്ലെന്നായിരുന്നു നേരത്തെ ബോംബെ ഹൈക്കോടതി വിധിച്ചത്.
ഐസിസികൾ രൂപീകരിച്ചത് സിപിഐ എം മാത്രം
അതേസമയം, തൊഴിലിടത്തെ സ്‌ത്രീകൾക്കെതിരായ ലൈംഗിക പീഡന നിരോധന നിയമം (പോഷ് നിയമം) രാജ്യത്തെ രാഷ്‌ട്രീയ പാർടികൾക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ജുലെെ മാസം ഹർജി സമർപ്പിച്ചിരുന്നു. ബിജെപി, കോൺഗ്രസ്, സിപിഐ എം, എഎപി, ടിഎംസി, എഎപി തുടങ്ങിയ പാർടികളെയും കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പ് കമീഷനെയും മലയാളി അഭിഭാഷക എം ജി യോഗമായ സമർപ്പിച്ച റിട്ട് ഹർജിയിൽ കക്ഷി ചേർത്തിരുന്നു
ആഭ്യന്തര പരാതി സെല്ലുകൾ (ഐസിസി) പാർടികളിൽ വേണമെന്നും ആവശ്യമുണ്ടായി. സിപിഐ എം മാത്രമാണ് പുറത്തുനിന്നുള്ളവരെ ഉൾപ്പെടുത്തി ഐസിസികൾ രൂപീകരിച്ചതെന്ന് ഹർജിയിൽ എടുത്തുപറഞ്ഞു. ബിജെപിയിൽ ഐസിസി രൂപീകരിച്ചിട്ടില്ലന്നും ഇപ്പോഴും അച്ചടക്ക സമിതിക്ക് പരാതികൾ നൽകുകയാണെന്നും ചൂണ്ടിക്കാട്ടി. പ്രൊഫഷണൽ കോൺഗ്രസിൽ ഐസിസികൾ രുപീകരിച്ചുവെങ്കിലും അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയിലേക്ക് വ്യാപിപ്പിച്ചിട്ടില്ല –ഹർജിയിൽ പറഞ്ഞു.








0 comments