റമദാൻ: കുവെത്തിൽ ജോലി സമയം ക്രമീകരിച്ചു


സ്വന്തം ലേഖകൻ
Published on Feb 19, 2025, 05:32 PM | 1 min read
കുവൈറ്റ് സിറ്റി : കുവൈത്തിൽ റമദാൻ മാസത്തിൽ സർക്കാർ കാര്യാലയങ്ങളുടെ പ്രവൃത്തി സമയം ക്രമീകരിച്ച് വിഞ്ജാപനം പുറപ്പെടുവിച്ചു. ഇതനുസരിച്ച് സർക്കാർ കാര്യാലയങ്ങൾ നാലര മണിക്കൂറായിരിക്കും പ്രവർത്തിക്കുക. സിവിൽ സർവീസ് കമീഷനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഇത് പ്രകാരം റമദാൻ ഒന്ന് മുതൽ സർക്കാർ കാര്യാലയങ്ങളിൽ കാലത്ത് 8.30 മുതൽ പ്രവൃത്തി സമയം ആരംഭിക്കും. ഫ്ലെക്സിബിൾ ജോലി സമ്പ്രദായ പ്രകാരം ജീവനക്കാർക്ക് കാലത്ത് 8.30 മുതൽ 10.30 വരെയുള്ള ഏത് സമയവും ഹാജർ രേഖപ്പെടുത്തുവാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ജീവനക്കാർ ഹാജർ രേഖപ്പെടുത്തിയ സമയം മുതൽ നാലര മണിക്കൂർ ജോലി സമയം പൂർത്തിയാക്കിയിരിക്കണം എന്ന നിബന്ധനയുണ്ട്.
സിവിൽ സർവീസ് കമീഷൻ ക്രമീകരിച്ച സമയ ക്രമപ്രകാരം പൊതു ജനങ്ങൾക്ക് കാലത്ത് 8.30 മുതൽ ഉച്ചക്ക് 2.30 വരെയുള്ള സമയങ്ങളിൽ സർക്കാർ സേവനങ്ങൾ ലഭ്യമാകും. ഇതിന് പുറമെ വൈകുന്നേര ഷിഫ്റ്റുകൾ വൈകിട്ട് 6.45 ന് ശേഷം മാത്രമായിരിക്കും ആരംഭിക്കുകയെന്നും അധികൃതർ അറിയിച്ചു.









0 comments