ഖരീഫ് സീസൺ; ജിസിസി നഗരങ്ങളിൽ പ്രചാരണ ക്യാമ്പയിൻ

സ്വന്തം ലേഖകൻ :മസ്‌കത്ത് ഈ വർഷത്തെ ദോഫാർ ഖരീഫ് സീസണിന്റെ പ്രചാരണാർഥം ജിസിസി നഗരങ്ങളിലെ പ്രധാന ഷോപ്പിങ് മാളുകളിൽ പരിപാടികൾ സംഘടിപ്പിച്ചു തുടങ്ങി. ഗവർണറേറ്റിലേക്ക് സഞ്ചാരികളെ ആകർഷിക്കാനായി പൈതൃക, ടൂറിസം മന്ത്രാലയം ‘നിങ്ങളുടെ വേനൽക്കാലം പച്ചപ്പാണ്' എന്ന പ്രമേയത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ജൂൺ 21 മുതൽ സെപ്തംബർ 20 വരെയുള്ള കാലയളവിലാണ് ഈ വർഷത്തെ സീസൺ.
സലാലയിലേക്ക് നേരിട്ടുള്ള വിമാനങ്ങളുടെ വിവരണം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ക്യാമ്പയിനിൽ ഉൾപ്പെടുന്നത്. ദോഫാർ ഗവർണറേറ്റിലെ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കും. ജിസിസി രാജ്യത്തുനിന്നുള്ള സന്ദർശകരെ ആകർഷിക്കുന്നതിനൊപ്പം പ്രാദേശിക ടൂറിസം ഭൂപടത്തിൽ ദോഫാറിന്റെ സാന്നിധ്യം വർധിപ്പിക്കാനും ക്യാമ്പയിൻ ലക്ഷ്യമിടുന്നു. സീസൺ പരമാവധി പ്രയോജനപ്പെടുത്താനും വിനോദ പരിപാടികൾ, പ്രകൃതി പര്യവേക്ഷണ യാത്രകൾ, പൈതൃക–- പുരാവസ്തു സ്ഥലങ്ങൾ എന്നിവയിലേക്കുള്ള സന്ദർശനം ഉൾപ്പെടെയുള്ള വിവരങ്ങൾ മന്ത്രാലയം സന്ദർശകർക്ക് നൽകുന്നു.
ഏപ്രിലിൽ ദുബായിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിലും സമാന പ്രചാരണ ക്യാമ്പയിൻ നടത്തിയിരുന്നു. ഒമാന്റെ പ്രത്യേക പവിലിയൻതന്നെ ഒരുക്കി. മേയിൽ സൗദി അറേബ്യയിലെ റിയാദിലും ജിദ്ദയിലും രണ്ട് വർക്ക്‌ഷോപ് സംഘടിപ്പിച്ചു. ദോഫാർ ഗവർണറേറ്റിൽ നിന്നുള്ള ടൂറിസം മേഖല പങ്കാളികളും ഫ്ലൈനാസ്, ഫ്ലൈഡീൽ വിമാനക്കമ്പനി പ്രതിനിധികളും പങ്കെടുത്തു.









0 comments