കേളി അറേബ്യൻ ബ്രെയിൻ ബാറ്റിൽ; ‘ലിറ്റിൽ ക്രിസ്റ്റൽസ്’ ചാമ്പ്യന്മാർ

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഗ്രാൻഡ്‌മാസ്റ്റർ ജി എസ് പ്രദീപ് നയിച്ച 'ടിഎസ്‌ടി മെറ്റൽസ് - കേളി അറേബ്യൻ ബ്രെയിൻ ബാറ്റിൽ' പങ്കാളിത്തം കൊണ്ടും കുട്ടികളുടെ പ്രകടനം കൊണ്ടും ശ്രദ്ധേയമായി. ഉമ്മുൽ ഹമാമിലെ ഡൽഹി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിവിധ സ്കൂളുകളിൽ നിന്നായി 100ൽ പരം വിദ്യാർഥികൾ പങ്കെടുത്തു.
ഹൈസ്കൂൾ വിഭാഗത്തിന് 20 ചോദ്യങ്ങളും ഹയർസെക്കൻഡറി വിഭാഗത്തിന് 15 ചോദ്യങ്ങളുമായിരുന്നു ആദ്യ റൗണ്ടിൽ ഉണ്ടായിരുന്നത്. മത്സരത്തിൽ നിന്ന് 12 പേർ ഫൈനലിൽ പ്രവേശിച്ചു. ഹൈസ്കൂൾ വിഭാഗത്തിലേയും ഹയർസെക്കൻഡറി വിഭാഗത്തിലേയും ആദ്യ പ്രിലിമിനറി റൗണ്ടിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ 6 ടീമുകളാക്കി തിരിച്ചാണ് ഫൈനൽ റൗണ്ട് നടന്നത്. മൈനസ് മാർക്ക് സംവിധാനവും മത്സരത്തിൽ ഉൾപ്പെടുത്തിയിരുന്നു.
മത്സരത്തിൽ തമിഴ്നാട് സ്വദേശിയായ ഷാൻ ഗോപാൽ നമ്പിയും മലപ്പുറം സ്വദേശിനിയായ ദിൽഷാദ് കെ പിയും ചേർന്ന ‘ലിറ്റിൽ ക്രിസ്റ്റൽസ് ' ടീം 440 പോയിന്റ് നേടി കിരീടം നേടി. വിജയികൾക്ക് 55555 രൂപയും, രണ്ടാം സ്ഥാനക്കാർക്ക് 33333 മൂന്നാം സ്ഥാനക്കാർക്ക് 22222, നാലാം സ്ഥാനക്കാർക്ക് 11111, അഞ്ചും ആറും സ്ഥാനക്കാർക്ക് 5555 രൂപയുടെ ഹനാദി അൽ ഹർബി നൽകുന്ന ക്യാഷ് പ്രൈസുകളും കേളിയുടെ മെമെൻ്റോയും സർട്ടിഫിക്കറ്റുകളും സമ്മാനമായി നൽകി.
440 പോയിൻ്റ് നേടി ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി ഷാൻ ഗോപാൽ നമ്പിയും അൽ യാസ്മിൻ ഇന്റർനാഷണൽ സ്കൂളിലെ ദിൽഷാദ് കെപിയും നയിച്ച 'ടീം ലിറ്റിൽ ക്രിസ്റ്റൽസ്' ഒന്നാം സ്ഥാനക്കാരായി. 410 പോയിൻ്റ് നേടി യാര ഇന്റർനാഷണൽ സ്കൂൾ വിദ്യാർഥികളായ മുഹമ്മദ് ഹാഫിദ് , ലിങ്കീഷ് ശരവണൻ എന്നിവർ നയിച്ച 'കുദു ക്വിസേഴ്‌സ്' രണ്ടാം സ്ഥാനവും 370 പോയിൻ്റ് നേടി ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിലെ സുവീർ ഭാതിയ , ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ മുഹമ്മദ് ഇബ്രാഹിം എന്നിവർ നയിച്ച 'എംഎആർ മാർവെൽസ് ' മൂന്നാം സ്ഥാനവും 150 പോയിൻ്റുമായി മോഡേൺ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂൾ വിദ്യാർഥികളായ ജിബ്രാൻ ഇസ്തിയാഖ് സൈദ സുകൈന ഹുസൈഫ എന്നിവർ നയിച്ച ടീം 'മയസ്‌ട്രോ മാസ്റ്റേഴ്സ്' നാലാം സ്ഥവവും, ഡൽഹി പബ്ലിക് സ്കൂളിലെ ഗൗതം കൃഷ്ണ കാരുമതലത്തിലും, മോഡേൺ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂളിലെ സഫിയ ഫാത്തിമ വയ്യന്നെയും നയിച്ച 'ഹനാദി ഹീറോസ്' അഞ്ചാം സ്ഥാനവും, ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ അഹമ്മദ് ഇഹ്സാൻ, മോഡേൺ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂളിലെ ആബാൻ ഇസ്തിയാഖ് എന്നിവർ നയിച്ച 'പെർഫെക്റ്റ് പ്യൂരിറ്റൻസ് ' ആറാം സ്ഥാനവും കരസ്ഥമാക്കി.
സമ്മാനദാന ചടങ്ങിന് കേളി പ്രസിഡൻ്റ് സെബിൻ ഇക്ബാൽ അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ ഷാജി റസാഖ് ആമുഖ പ്രസംഗം നടത്തി. പബ്ലിസിറ്റി കൺവീനർ ബിജു തായമ്പത്ത് സമ്മാനാർഹരെ സദസിന് പരിചയപ്പെടുത്തി. കുട്ടികൾ ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപിൽ നിന്നും സമ്മാനങ്ങൾ ഏറ്റു വാങ്ങി. ഹനാദി അൽ ഹർബി എം ഡി പ്രിൻസ് തോമസ് വിജയികൾക്കുള്ള ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സംഘാടക സമിതി കൺവീനർ സുനിൽ കുമാർ നന്ദിയും പറഞ്ഞു.









0 comments