പ്രളയ ഫണ്ട് വകമാറ്റി ചെലവഴിക്കാൻ നീക്കം; പ്രതിഷേധവുമായി ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കൾ

മസ്കത്ത് : ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളിൽ നിന്ന് പിരിച്ചെടുത്ത പ്രളയ ഫണ്ട് തുക വക മാറ്റിച്ചെലവഴിക്കാനുള്ള സ്‌കൂൾ ബോർഡിന്റെ തീരുമാനത്തിൽ കടുത്ത പ്രതിഷേധവുമായി രക്ഷിതാക്കൾ. ഇന്ത്യൻ സ്‌കൂൾ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ സയ്യിദ് സൽമാനെ നേരിൽക്കണ്ട് രക്ഷിതാക്കൾ പ്രതിഷേധമറിയിക്കുകയും പ്രസ്തുത വിഷയത്തിൽ നടപടിയാവശ്യപ്പെട്ട് മെമ്മോറാണ്ടം സമർപ്പിക്കുകയും ചെയ്തു.
ഒമാൻ മന്ത്രാലയത്തിന്റെ അനുമതിയോടെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ആണ് പ്രളയഫണ്ട് ശേഖരിക്കാൻ തീരുമാനമെടുത്തിരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക അയച്ചു കൊടുക്കാനായിരുന്നു പദ്ധതി. ഇന്ത്യൻ സോഷ്യൽ ക്ലബ് നേതൃത്വത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ വിവിധ വിഭാഗങ്ങളിൽ നിന്നും ഇത്തരത്തിൽ ശേഖരിച്ച പ്രളയ ഫണ്ടിൻ്റെ ഭാഗമാകാൻ സ്കൂൾ ബോർഡും അന്ന് തീരുമാനിക്കുകയായിരുന്നു. വിദ്യാർത്ഥികളിൽ നിന്ന് പിരിച്ച തുക സോഷ്യൽ ക്ലബ്ബിന് കൈമാറുന്നതിൽ അന്ന് ബോർഡിന് വീഴ്ചയുണ്ടായി. കഴിഞ്ഞ സ്‌കൂൾ ബോർഡിന്റെ കാലയളവിൽ ഈ വിഷയം പരിശോധിച്ച് പിരിച്ച ഫണ്ട് നാട്ടിലേക്ക് അയക്കാൻ തത്വത്തിലെടുത്ത തീരുമാനത്തെയാണ് പുതിയ ചെയർമാന്റെ കീഴിലുള്ള ബോർഡ് അട്ടിമറിച്ചത്.
ഈ വിഷയത്തിൽ മുൻ ബോർഡ് എടുത്ത തീരുമാനം നടപ്പാക്കുന്നതിന് പകരം, പ്രസ്തുത തുക ബോർഡുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾക്കായി വകയിരുത്തി ചെലവഴിക്കാൻ നടന്നു കൊണ്ടിരിക്കുന്ന ശ്രമങ്ങളാണ് രക്ഷിതാക്കളുടെ പ്രതിഷേധത്തിനു കാരണമായത്.
ബോർഡിന്റെ ഭാഗത്തു നിന്നും അനുകൂല നിലപാട് ഉണ്ടാകാത്ത പക്ഷം സർക്കാർ സംവിധാനങ്ങളെ ബന്ധപ്പെട്ട് നിയമപരമായ സാധ്യതകൾ പരിശോധിക്കുമെന്നും കൂടുതൽ രക്ഷിതാക്കളെ പങ്കെടുപ്പിച്ച് പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും രക്ഷിതാക്കളെ പ്രതിനിധികരിച്ച് പങ്കെടുത്ത കെ വി വിജയൻ,അനു ചന്ദ്രൻ, കൃഷ്ണകുമാർ,ബിജോയ്, ദിനേശ് ബാബു, ഗണേഷ്, ജിനു, സുരേഷ് കുമാർ എന്നിവർ അറിയിച്ചു.









0 comments