ദീർഘകാല സേവനം; ഇന്ത്യൻ സ്‌കൂൾ അധ്യാപകർക്കും ജീവനക്കാർക്കും ആദരം

മനാമ: ഇന്ത്യൻ സ്‌കൂളിൽ ദീർഘകാലമായി സേവനം അനുഷ്ഠിക്കുന്ന അധ്യാപകരെയും അനധ്യാപകരെയും അവാർഡ് നൽകി ആദരിച്ചു. പരിപാടിയിൽ 10 മുതൽ 30 വർഷമായി സ്‌കൂളിൽ സേവനമനുഷ്ഠിച്ചവർക്ക് സർട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു. ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇസാ ടൗൺ കാമ്പസിലെയും ജൂനിയർ കാമ്പസിലെയും അധ്യാപകരും ജീവനക്കാരും പങ്കെടുത്തു. അഡ്വ. ബിനു മണ്ണിൽ വർഗീസ് അധ്യാപകരുടെ സംഭാവനകളെ അനുസ്മരിച്ചു.
പ്രിൻസിപ്പൽ വി ആർ പളനിസ്വാമി സ്വാഗതവും സെക്രട്ടറി വി രാജപാണ്ഡ്യൻ നന്ദിയും പറഞ്ഞു. 2024-2025 വർഷത്തെ ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ സ്‌കൂൾ ഹൗസ് പ്രതിനിധികളെയും ആദരിച്ചു. അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രോജക്ട് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, ട്രാൻസ്‌പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, ഭരണസമിതി അംഗം ബിജു ജോർജ്, സീനിയർ സ്‌കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്‌ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവരും അവാർഡ് ജേതാക്കളും കുടുംബങ്ങളും പരിപാടിയിൽ പങ്കെടുത്തു.









0 comments