2024ൽ ഒമാനിലെത്തിയത്‌ 6 ലക്ഷം ഇന്ത്യക്കാർ

oman
avatar
റഫീഖ്‌ പറമ്പത്ത്‌

Published on Feb 16, 2025, 01:02 PM | 1 min read

മസ്‌കത്ത്‌: കഴിഞ്ഞ വർഷം ഒമാൻ സന്ദർശിച്ചത്‌ ആറു ലക്ഷത്തിലധികം ഇന്ത്യക്കാരെന്ന്‌ റിപ്പോർട്ട്‌. 38.9 ലക്ഷം സന്ദർശകരെ 2024ൽ ഒമാൻ സ്വാഗതം ചെയ്തതായും റിപ്പോർട്ടിലുണ്ട്‌. സ്റ്റാറ്റിസ്റ്റിക്‌സ്‌ ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട റിപ്പോർട്ടിലാണ്‌ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്‌.


യുഎഇ, ഇന്ത്യ, യമൻ പൗരന്മാരാണ് ഏറ്റവും കൂടുതലായി ഇക്കാലയളവിൽ രാജ്യത്തെത്തിയത്. 11,85,880 സന്ദർശകരുമായി യുഎഇയാണ്‌ ഒമാൻ സന്ദർശിച്ചവരുടെ എണ്ണത്തിൽ ഒന്നാമത്‌. ഇന്ത്യയിൽ നിന്നുള്ള 6,23,623 സന്ദർശകർ 2024ൽ ഒമാനിലെത്തി. റിപ്പോർട്ട്‌ അനുസരിച്ച്‌ 2,03,055 യമൻ സ്വദേശികളാണ്‌ ഇക്കാലയളവിൽ രാജ്യം സന്ദർശിച്ചത്‌.


ഒമാൻ പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമായി മാറുന്നുവെന്നതാണ് സന്ദർശകരുടെ എണ്ണത്തിലെ കുതിപ്പ് സൂചിപ്പിക്കുന്നതെന്ന്‌ അധികൃതർ വ്യക്തമാക്കി. ഖരീഫ് ദോഫാർ സീസൺ നന്നായി ഉപയോഗപ്പെടുത്തിയത് മേഖലയിൽ ഉണർവുണ്ടാക്കി. ദോഫാർ ഗവർണറേറ്റിലേക്ക് 10 ലക്ഷത്തിലധികം വിനോദസഞ്ചാരികളെ ആകർഷിച്ചുകൊണ്ടുള്ള ഫെസ്റ്റിവലിന്റെ വിജയം സുൽത്താൻ ഹൈതം ബിൻ താരിക് അംഗീകരിച്ചു. ഒമാന്റെ 54–--ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള സൊഹാർ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിലേക്കും സന്ദർശകർ ഒഴുകിയെത്തി.


മുസന്ദം വിന്റർ എന്റർടൈൻമെന്റ്‌ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പും വിനോദസഞ്ചാരികളെ ആകർഷിച്ചു. എല്ലാ പ്രായക്കാർക്കും വേണ്ടി വൈവിധ്യമാർന്ന പരിപാടികൾ ഫെസ്റ്റിൽ ഒരുക്കിയിരുന്നു. സർക്കസ് പ്രകടനംമുതൽ കുട്ടികൾക്കായുള്ള സാംസ്‌കാരിക പ്രദർശനവും പ്രവർത്തനങ്ങളുംവരെ. ഗവർണറേറ്റിന്റെ സമ്പന്നമായ സംസ്‌കാരവും പാരമ്പര്യവും ഉയർത്തി മുസന്ദം ഒരു കുടുംബ സൗഹൃദ ലക്ഷ്യസ്ഥാനമായി സ്ഥാപിക്കാനും സാധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home