കൊടും ചൂടിൽ ഉരുകി ഒമാൻ

HEAT WARNING
വെബ് ഡെസ്ക്

Published on May 06, 2025, 07:00 PM | 1 min read

മസ്‌കത്ത്‌ : ഒമാന്റെ പല ഭാഗങ്ങളിലും താപനില കുതിച്ചുയർന്നു. ചൊവ്വാഴ്ച സൊഹാറിൽ രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 47.1 ഡിഗ്രി രേഖപ്പെടുത്തിയതായി കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു. സൊഹാറിനു തൊട്ടു പിന്നാലെ സൂറിലും സുവയിലും കടുത്ത ചൂട്‌ രേഖപ്പെടുത്തി. ഇവിടങ്ങളിൽ കഴിഞ്ഞ 48 മണിക്കൂറിൽ യഥാക്രമം 45.6 ഡിഗ്രി, 45.5 ഡിഗ്രി എന്നിങ്ങനെ ഉയർന്ന താപനില രേഖപ്പെടുത്തി. സീബ്–- 44.7, ഹംറ അൽ ദുരു–- 44, അൽ അവാബി 43.8, ഫഹുദ് 43.7, ഖൽഹത്ത് 43.6, സമൈൽ 43.5, ഇബ്രി 42.4 എന്നിവയാണ് മറ്റിടങ്ങളിലെ ഉയർന്ന താപനില.

ശക്തമായ ചൂട് വരും ദിവസങ്ങളിലും തുടരുമെന്ന്‌ അധികൃതർ മുന്നറിയിപ്പ്‌ നൽകി. രാജ്യത്തെ പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്ന്‌ ആരോഗ്യ വിദഗ്ധർ നിർദേശിച്ചു. ദാഹിച്ചില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും കഫീൻ അടങ്ങിയ ഭക്ഷ്യവസ്‌തുക്കൾ ഒഴിവാക്കണമെന്നും നിർദേശത്തിലുണ്ട്‌. കട്ടി കുറഞ്ഞ വസ്ത്രം ധരിക്കണം, പുറത്ത് ആയാസകരമായ പ്രവർത്തനങ്ങൾ ഒഴിവാക്കണം, മുഖവും കഴുത്തും തണുപ്പിക്കാൻ നനഞ്ഞ തുണി കൈവശം വയ്ക്കുന്നത് ശരീര താപനില കുറയ്ക്കാൻ സഹായിക്കും എന്നിവയും ആരോഗ്യ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

താപനില കൂടിയ വേളയിൽ കുട്ടികൾക്കും പ്രായമായവർക്കും പ്രത്യേക പരിചരണം ആവശ്യമാണെന്ന്‌ അധികൃതർ അറിയിച്ചു. തുറന്ന സ്ഥലത്ത്‌ ജോലി ചെയ്യുന്നവർ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും അധികൃതർ ആവർത്തിച്ചു. നിർമാണ മേഖല പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ തണലുള്ള വിശ്രമ സ്ഥലങ്ങളും ജലാംശം നൽകുന്ന സ്റ്റേഷനുകളും നിർബന്ധമാണെന്നും വിദഗ്ധർ അറിയിച്ചു. ഉഷ്‌ണതരംഗം തുടരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ചൂട് കൂടുതൽ അനുഭപ്പെടുന്ന സമയങ്ങളിൽ വീടിനുള്ളിൽ കഴിയാൻ ശ്രമിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home