ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം; തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

റിയാദ്: റിയാദ് പ്രവിശ്യയിലെ വാദി ദവാ സിറിൽ അന്തരിച്ച തമിഴ്‌നാട് സ്വദേശി അപ്പാവു മോഹന്റെ (59) മൃതദേഹം ഞായർ രാത്രി 10.30ന്റെ ഇൻഡിഗോ വിമാനത്തിൽ നാട്ടിലെത്തിക്കും. എട്ട് വർഷമായി വാദി ദവാസിറിൽ ടാക്സി ഡ്രൈവറായിരുന്നു. ഫെബ്രുവരി 28ന് യാത്രക്കാരനെ അദ്ദേഹത്തിന്റെ ജോലി സ്ഥലത്തെത്തിച്ച്, നെഞ്ചുവേദനയെ തുടർന്ന് വാഹനത്തിൽ വിശ്രമിക്കുകയായിരുന്നു.
പിന്നീട് വാഹനത്തെ ചുറ്റി പൊലീസ് നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. മോഹനെയും സുഹൃത്തുക്കളെയും അറിയാവുന്ന സൗദി പൗരനാണ് വിവരം കേളി പ്രവർത്തകനായ സുരേഷിനെ അറിയിച്ചത്. മോഹനന്റെ സഹോദരന്റെ സാന്നിധ്യത്തിൽ പൊലീസ്, ആംബുലൻസിൽ മോഹനനെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ നിന്നാണ് മരണം സ്ഥിരീകരിച്ചത്.
രണ്ടുവർഷംമുമ്പ് റൂമിൽനിന്ന് അസ്വസ്ഥത പ്രകടിപ്പിച്ച മോഹനനെ സുരേഷും അനുജനും ചേർന്ന് തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചത്. അവസ്ഥ മോശമായ
തിനാൽ എയർ ആംബുലൻസ് വഴി റിയാദിലെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കുകയായിരുന്നുവെന്ന് അനുജൻ തങ്കരാജ് പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം അംഗം സുരേഷ് നേതൃത്വം നൽകി. വാദി ദവാസിറിലെ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വെള്ളിയാഴ്ച സുമേഷി ആശുപത്രിയിൽ എത്തിച്ചു. അപ്പാവു മോഹനന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.









0 comments