ഹജ്ജ് സീസൺ: ഹറമൈൻ റെയിൽ 20 ലക്ഷം പേർക്ക് യാത്രയൊരുക്കും

ജിദ്ദ : ഹജ്ജ് സീസണിനായുള്ള വിപുലമായ പ്രവർത്തന പദ്ധതികളുമായി സൗദി അറേബ്യൻ റെയിൽവേ. ഈ സീസണിൽ 4700ൽ അധികം സർവീസുകളിലായി 20 ലക്ഷത്തിലധികം തീർഥാടകർക്ക് ഹറമൈൻ റെയിൽ യാത്രാസൗകര്യം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് നാലുലക്ഷത്തിലധികം സീറ്റിന്റെ വർധനയാണ് ഇത്തവണയുള്ളത്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്താൻ ഹറമൈൻ റെയിൽ സജ്ജമാണ്. തീർഥാടകരുടെ യാത്ര സുഗമമാക്കാനും അവരുടെ മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്താനുമുള്ള സൗദി റെയിൽവേയുടെ വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടികൾ.
രാജ്യത്തിന്റെ ദേശീയ ഗതാഗത ശൃംഖലയിലെ പ്രധാന ഘടകമാണ് ഹറമൈൻ അതിവേഗ റെയിൽ. മക്ക, ജിദ്ദ, കിങ് അബ്ദുൾ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, കിങ് അബ്ദുള്ള ഇക്കണോമിക് സിറ്റി, മദീന എന്നിങ്ങനെ അഞ്ച് പ്രധാന സ്റ്റേഷനുകളെ ബന്ധിപ്പിച്ച് 453 കിലോമീറ്റർ ദൈർഘ്യമുള്ള വൈദ്യുത റെയിൽ പാതയാണിത്. വളരെ കാര്യക്ഷമമായ യാത്രാമാർഗം നൽകുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ജിദ്ദയിലെ കിങ് അബ്ദുൾ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്റ്റേഷനിൽനിന്നും പുറത്തിറങ്ങാതെതന്നെ വിമാനങ്ങളിൽനിന്ന് ട്രെയിനുകളിലേക്കും തിരിച്ചും തടസ്സമില്ലാത്ത യാത്ര ഹറമൈൻ സാധ്യമാക്കുന്നു. ഇത് വ്യോമ-–- കര ഗതാഗതങ്ങൾ തമ്മിലുള്ള ബന്ധം വർധിപ്പിക്കുന്നു. ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി സഹകരിച്ച് സൗദി അറേബ്യൻ റെയിൽവേ തുടർച്ചയായി രണ്ടാം വർഷവും "ബാഗേജ് ഇല്ലാത്ത ഹജ്ജ്’ സംരംഭം നടപ്പാക്കുന്നുണ്ട്.
ഈ പദ്ധതി പ്രകാരം തീർഥാടകരുടെ ലഗേജുകൾ അവർ പുറപ്പെടുന്ന വിമാനത്താവളങ്ങളിൽനിന്ന് മക്കയിലെ താമസസ്ഥലങ്ങളിലേക്ക് നേരിട്ട് എത്തിക്കും. ഇത് തീർഥാടകർക്ക് ലഗേജ് കൈകാര്യം ചെയ്യാതെ വിമാനമിറങ്ങിയ ഉടൻ ഹറമൈൻ റെയിൽവേയിൽ യാത്ര ചെയ്യാൻ സഹായകരമാകുന്നു. സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ കാര്യക്ഷമതയും ഗുണമേന്മയും വർധിപ്പിക്കുന്നതിൽ ഈ അതിവേഗ റെയിൽ നിർണായക പങ്കുവഹിക്കുന്നു.









0 comments