ഹഫീത് റെയിലിനുള്ള ആദ്യ ട്രാക്കുകൾ സൊഹാറിൽ

റഫീഖ് പറമ്പത്ത്
Published on Aug 28, 2025, 03:43 PM | 1 min read
മസ്‌കത്ത്: ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന ഹഫീത് റെയിലിനുള്ള ആദ്യ ട്രാക്കുകൾ സൊഹാറിൽ ലഭിച്ചു. സൊഹാർ തുറമുഖം വഴി 3800ൽ അധികം റെയിലുകളാണ് എത്തിച്ചത്. ഇതോടെ 238 കിലോമീറ്റർ റെയിൽവേ ലിങ്കിനായുള്ള ട്രാക്ക്-ലേയിങ് ജോലി ആരംഭിച്ചു. സൊഹാർ തുറമുഖത്തിന്റെയും ഫ്രീസോണിന്റെയും ജനറൽ കാർഗോ ടെർമിനലിൽ റെയിൽവേ ട്രാക്കുകളുടെ ആദ്യ ഷിപ്പ്മെന്റാണ് എത്തിയത്.
25 മീറ്റർ നീളവും 5700 മെട്രിക് ടൺ ഭാരവുമുള്ള ഇ– 260 -ഗ്രേഡ് ട്രാക്കുകളാണ് ഇതിൽ ഉൾപ്പെടുന്നത്. സ്‌പെയിനിലെ ഗിജോണിലുള്ള ആർസെലർമിത്തലിന്റെ പ്ലാന്റിൽ നിർമിച്ച ഈ റെയിലുകൾ ഹെവി ഫ്രൈറ്റ്, പാസഞ്ചർ പ്രവർത്തനങ്ങൾക്കായി ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നവയാണ്. നിരവധി കയറ്റുമതികളിൽ ആദ്യത്തേതാണ് ഈ കയറ്റുമതി. ആകെ 33,100 മെട്രിക് ടൺ ഡെലിവറിക്ക് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
ഈടുനിൽക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ട്രാക്കുകൾ 32.4 ടൺവരെ ആക്‌സിൽ ലോഡുകൾ കൈകാര്യം ചെയ്യും. ഇത് പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ സാഹചര്യങ്ങളിൽ ദീർഘകാല വിശ്വാസ്യത ഉറപ്പാക്കുന്നു. ഉയർന്ന ശക്തിയുള്ള ക്ലിപ്പുകളും ബോൾട്ടുകളും ഉൾക്കൊള്ളുന്ന നൂതന ഫാസ്റ്റണിങ് സംവിധാനങ്ങൾ ചരക്ക്, യാത്രാ ഉപയോഗത്തിനുള്ള സ്ഥിരതയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. പദ്ധതിയുടെ സമയപരിധിക്കനുസൃതമായി സ്ഥിരമായ പുരോഗതിയെ പിന്തുണയ്ക്കുന്നതിന് വരും മാസങ്ങളിൽ കൂടുതൽ കയറ്റുമതി പ്രതീക്ഷിക്കുന്നു.
ഒമാൻ-– യുഎഇ റെയിൽവേ ശൃംഖല പൂർത്തിയാകുമ്പോൾ വിതരണ ശൃംഖലകളെ സംയോജിപ്പിക്കുകയും ഗതാഗത കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യും. കൂടാതെ, ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താനും സാധിക്കും. അസ്യാദ് ഗ്രൂപ്പ്, ഇത്തിഹാദ് റെയിൽ, മുബദാല എന്നിവ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായി ഹഫീത് റെയിലാണ് ഈ പദ്ധതി വികസിപ്പിക്കുന്നത്.









0 comments